പടിഞ്ഞാറൻ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗ ദ്വീപിലെ കാട്ടുതീയിൽ 36 പേർ മരിച്ചു. റിസോർട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകൾ ജീവൻ രക്ഷിക്കാനായി പസിഫിക് സമുദ്രത്തിലേക്കു ചാടുകയായിരുന്നു. ഇവരിൽ പലരെയും കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ഇരുപതോളം പേരെ വിമാനമാർഗം സമീപദ്വീപിലെ ആശുപത്രിയിലെത്തിച്ചു.
ഏറെ ആകർഷകമായ ടൂറിസ്റ്റ്കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിന് വീടുകളും വലിയ ഹോട്ടലുകളുമാണുള്ളത്. ഇവയിൽ മിക്കതും അഗ്നിക്കിരയായി. 11,000 ടൂറിസ്റ്റുകളെ ദ്വീപിൽനിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. പതിനാറോളം റോഡുകൾ അടച്ചെങ്കിലും മൗഇ വിമാനത്താവളം തുറന്നു പ്രവർത്തിച്ചു. നഗരത്തിൽനിന്നു കുറച്ചുദൂരെ മാറി വീശിയടിച്ച ചുഴലിക്കാറ്റാണ് കാട്ടുതീവ്യാപിക്കാൻ കാരണമായത്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരു ഹൈവേ ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചതോടെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് പല സ്ഥലങ്ങളും പൂർണമായി അഗ്നിക്കിരയായി.

ഇത്തരത്തിലൊരു ദുരന്തം ഇതുവരെ കണ്ടിട്ടില്ലെന്നും ലഹായിന സിറ്റി വെന്തുവെണ്ണീറായെന്നുംനഗരത്തിൽനിന്നു രക്ഷപ്പെട്ട മാസൺ ജാർവി പറഞ്ഞു. ബൈക്കിൽ തന്റെ നായയെയും കൂട്ടി തീനാളങ്ങൾക്കിടയിലൂടെ ഒരുവിധത്തിലാണു രക്ഷപ്പെട്ടതെന്നും ശരീരത്തിന്റെ പലഭാഗങ്ങളിലും പൊള്ളലേറ്റുവെന്നും ജാർവി പറഞ്ഞു. ലഹായിനയുടെ പലഭാഗങ്ങളിൽനിന്നും പുക ഉയരുന്നതിന്റെ ആകാശദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബിട്ടതിനു സമാനമായ ദൃശ്യങ്ങളായിരുന്നുവെന്നും യുദ്ധമേഖലയിലൂടെ സഞ്ചരിച്ചതു പോലെ തോന്നിയെന്നും ഹെലികോപ്റ്റർ പൈലറ്റായ റിച്ചാർഡ് ഓൾസ്റ്റെൻ പറഞ്ഞു. മുന്നൂറോളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ കത്തിനശിച്ചിട്ടുണ്ട്.
ആൽമരങ്ങൾക്കിടയിലൂടെ കാട്ടുതീവ്യാപിച്ച് സർവതുംചുട്ടെരിക്കുകയായിരുന്നുവെന്നും ഒരുവിധത്തിലാണ് ഓടിരക്ഷപ്പെട്ടതെന്നും സ്ഥലത്തുണ്ടായിരുന്ന ഡിൻ ജോൺസൺ എന്നയാൾ പറഞ്ഞു. ലഹായിന നിവാസികൾക്കു വീടും മൃഗങ്ങളും ഉൾപ്പെടെ സർവതും നഷ്ടമായെന്ന് അധികൃതർ വ്യക്തമാക്കി. ദുരിതാശ്വാസകേന്ദ്രങ്ങളിൽ പരമാവധി ശേഷിയിലും കൂടുതൽ ആളുകളാണ് എത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU





































