ജി 20യിൽ ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജി20 ഉച്ചകോടിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവെ, ഷിപ്പിംഗ് പദ്ധതികൾ നടപ്പിൽ വരും. സാമ്പത്തിക ഇടനാഴി വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ പ്രതികരിച്ചു. പ്രഖ്യാപനം മികച്ച ഭാവി സൃഷ്ടിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകൾ.

ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇത് ലോകത്തിന്റെ മുഴുവൻ കണക്ടിറ്റിവിറ്റിക്കും സുസ്ഥിര വികസനത്തിനും പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സംരംഭത്തിന്റെയും സാമ്പത്തിക ഇടനാഴി പദ്ധതിയുടെയും സംയോജനത്തിന് താൽപര്യം പ്രകടിപ്പിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിൽ രാജ്യങ്ങൾ നടത്തിയ കൂട്ടായ പരിശ്രമത്തെയും അഭിനന്ദിച്ചു.
സാമ്പത്തിക ഇടനാഴിയെ ചരിത്രപരമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. ചരിത്രപരമായ ഒരു ശ്രമമാണിത്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വേഗത്തിലാക്കും. സാമ്പത്തിക ഇടനാഴിക്ക് പിന്നാലെ കൂടുതൽ വൻകിട പദ്ധതികളും നടപ്പിൽ വരുത്തുമെന്നും ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb