കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എം.എൽ.എ. ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കവെ അത് ഒഴിവാക്കിയാണ് എ.സി. മൊയ്തീൻ തിങ്കളാഴ്ച രാവിലെ 9.30 ഇ.ഡിയുടെകൊച്ചി ഓഫീസിൽ എത്തിയത്.
നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂർ കോർപ്പറേഷന്റെ സി.പി.എം. കൗൺസിലർ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകാരൻ സതീഷ് കുമാറുമായുള്ള ബന്ധത്തിലാണ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. സതീഷ് കുമാറിന്റെ അടുപ്പക്കാരായ മധു അമ്പലപുരം, ജിജോർ എന്നിവരെയും ചോദ്യംചെയ്തിരുന്നു. ഇവരാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം.
ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് സൂചന. ഇ.ഡി. നൽകിയ റിപ്പോർട്ടിൽ മുൻ എം.പി.യും സതീഷ് കുമാറുമായുള്ള സാമ്പത്തികഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ടെലിഫോൺ ശബ്ദരേഖയുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മുൻ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നാണ് വിവരം. മൊയ്തീന്റെ വീട്ടിൽ ഇ.ഡി.പരിശോധന നടന്നിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്ഥിരനിക്ഷേപമായ 28 ലക്ഷം രൂപ മരവിപ്പിച്ചിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb