കോഴിക്കോട് അസ്വാഭാവികമായി രണ്ടു പേർ മരിച്ചതിനെ തുടർന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപ ബാധയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുണ വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. മരിച്ചവരിൽ ഒരാളുടേയും രോഗ ലക്ഷണങ്ങൾ ഉള്ളവരുടേയും സ്രവമാണ് പരിശോധനയ്ക്കായി എടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ട് പേർക്കും നിപ്പ് ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒൻപത് വയസ്സുള്ള കുട്ടിയുടെ നിലഗുരുതരമാണ്.നേരത്തെ രണ്ട് വട്ടം നിപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ്പ് ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപ്രതി വിവരം സർക്കാരിനെ അറിയിച്ചത്.

തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണാ ജോർജ് കോഴിക്കോടെത്തി. കളക്ടറേറ്റിലാണ് ഉന്നത തല യോഗം. ഓഗസ്റ്റ് 30-നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ച രണ്ടുപേരും ഒരേ ആശുപത്രിയിൽ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവർ തമ്മിൽ നേരത്തെയും സമ്പർക്കമുണ്ടായിരുന്നുവെന്നും വ്യക്തമായതായി ആരോഗ്യമന്ത്രി പറഞ്ഞു.








































