മറുനാട്ടിൽ ജീവൻ പൊലിയുന്ന ഉറ്റവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ “ഇ കെയർ” സംവിധാനം. മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള നീണ്ട നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി, നടപടികൾ ഏകീരിക്കാനും വേഗത്തിലാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. ഇ- ക്ലിയറൻസ് ഫോർ ആഫ്റ്റർലൈഫ് റിമെയ്ൻസ് (ഇ-കെയർ) എന്നതാണ് പോർട്ടലിന്റെ പൂർണരൂപം.
മരണപ്പെട്ട വ്യക്തിയുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടു വരുന്നതിനായി https://ecare.mohfw.gov.in/Home/login എന്ന വെബ്സൈറ്റിൽ ബന്ധുകൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഈ പോർട്ടലിൽ ആവശ്യമായ രേഖാ സമർപ്പണവും രജിസ്ട്രേഷനും നടത്താം. നടപടി ക്രമങ്ങളുടെ പുരോഗതി യഥാസമയം രജിസ്റ്റർ ചെയ്ത ബന്ധുവിനെ അറിയിക്കും. എല്ലാ അനുമതികളും 48 മണിക്കൂറിനകം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
മൃതദേഹങ്ങളുടെ ക്ലിയറൻസ് പ്രക്രിയ ഇലക്ട്രോണിക് മാധ്യമത്തിലൂടെ എളുപ്പത്തിൽ സാധ്യമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ. നോഡൽ ഓഫീസർ, എയർ പോർട്ട് ഹെൽത്ത് ഓഫീസർ എന്നിവരുടെ 24 മണിക്കൂറും സേവനം ലഭ്യമാകും.ഈ സംവിധാനം വഴി പ്രവാസികൾക്കും വിവിധ സന്നദ്ധപ്രവർത്തർക്കും പ്രയോജനം ലഭിക്കും.
1954-ലെ ഇന്ത്യൻ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) നിയമപ്രകാരം മൃതദേഹങ്ങൾ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ക്ലിയറൻസ് ആവശ്യമാണ്. എംബാമിങ് സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ ഒ സി, റദ്ദ് ചെയ്ത പാസ്സ്പോർട്ടിന്റെ കോപ്പി, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് മൃതദേഹം പാക്ക് ചെയ്തു എന്നതിന്റെ സർട്ടിഫിക്കറ്റ്, എന്നീ രേഖകൾ മൃതദേഹം ഇന്ത്യയിലെക്ക് കൊണ്ടു വരുന്നതിന് ആവശ്യമാണ്. ഇതിൽ എംബാമിങ് സർട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയായിരിക്കണം കൊണ്ടു വരേണ്ടത്. അധികൃത പരിഭാഷകന്റെ ഒപ്പോടു കൂടിയ പരിഭാഷ മാത്രമെ സ്വീകരിക്കുകയുള്ളു.
എംബാമിംഗിന് ഉപയോഗിച്ച രാസവസ്തുവും, പ്രക്രിയയും അതിൽ പരാമർശിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം നോക്കണം. അതുപോലെ പാക്കിങ് പ്രക്രിയയും വിശദമായി വിവരിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ഈകെയർ വെബ്ലൈറ്റിൽ നിന്നും ലഭ്യമാണ്. അതല്ലെങ്കിൽ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായോ എംബസിയുമായോ ബന്ധപ്പെട്ടും വിശദ വിവരങ്ങൾ അറിയാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb