മണ്‍ഫോര്‍ഡ് (അലബാമ): മാതാവിനേയും ഇരട്ട സഹോദരന്മാരേയും കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
16 വയസ്സുള്ള കൊലയാളി മാതാവ് ഹോളി ക്രിസ്റ്റീന (36), ഇരട്ട സഹോദരന്മാര്‍ ബ്രാന്‍സണ്‍, ബാരല്‍ (13) എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ടെല്ലഡിഗ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
മണ്‍ഫോര്‍ഡ് റോയ് ലേക്കി സ്ട്രീട്ടിലുള്ള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ മൂവരുടേയും മൃതദേഹം കണ്ടെത്തിയത് ജനുവരി 21 നായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും എപ്പോളാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്നും പോലീസ് പറയുന്നു.
മൂവരേയും കൊലപ്പെടുത്തിയ ശേഷം പതിനാറുകാരന്‍ സ്‌കൂളില്‍ പോയിരുന്നതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് ഗിഡയന്‍സ് പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന 16കാരനെ എതിര്‍പ്പുകള്‍ ഒന്നും ഇല്ലാതെ ബീന്‍സ് ആന്റ് ഗ്രീല്‍സ് റസ്‌റ്റോറന്റിനെതിരെയുള്ള സ്‌റ്റോറില്‍ നിന്നും പിടികൂടി.
പ്രതിയെ ജനുവരി 24 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഷെറിഫ് ഓഫീസില്‍ 256 761 2141 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.