gnn24x7

ബൈഡൻ ഉപാധികളോടെ ചർച്ചയ്ക്ക് തയാറായതായി വൈറ്റ് ഹൗസ്; പ്രശ്നപരിഹാരം ഉടൻ ഉണ്ടായേക്കാം

0
273
gnn24x7

കീവ്: റഷ്യ യുക്രെയ്നെ ആക്രമിക്കാൻ തയാറെടുക്കുന്നതായി പാശ്ചത്യരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ നേരിട്ടുള്ള ചർച്ചയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തയാറായതായി ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോയുടെ മധ്യസ്ഥതയാണ് ചർച്ചയ്ക്കു വഴിതുറന്നത്. വ്ലാഡിമിർ പുടിനുമായി യാതൊരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന മുൻ നിലപാട് തിരുത്തിയ ബൈഡൻ ഉപാധികളോടെ ചർച്ചയ്ക്ക് തയാറായതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

യുക്രെയ്നിലെ സൈനിക നടപടിയിൽനിന്ന് റഷ്യ പിന്തിരിയാൻ തയാറാകുന്ന പക്ഷം ചർച്ചയാകാമെന്ന നിലപാടിലാണ് ബൈഡൻ. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ഫെബ്രുവരി 24 ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും ബൈഡൻ –പുടിൻ നയതന്ത്ര ചർച്ചയുടെ തീയതിയും മറ്റുകാര്യങ്ങളും തീരുമാനിക്കുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു.

റഷ്യയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് നിർണായക തീരുമാനമെത്തിയത്. യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂർത്തിയായാൽ ഉടൻ അതിർത്തിയിൽനിന്നു സേനയെ പിൻവലിക്കുമെന്നും റഷ്യ ആവർത്തിച്ചു.

സംഘർഷത്തിനു അയവു വരുത്താൻ ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോ വ്ലാഡിമിർ പുടിനുമായി കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ വർഷം പുടിനും മക്രോയും തമ്മിൽ നടക്കുന്ന അഞ്ചാമത്തെ ഫോൺ സംഭാഷണമായിരുന്നു അത്. ഫെബ്രുവരി 7 ന് മോസ്കോയിൽ വച്ച് പുടിനുമായി മക്രോ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുടിനുമായി ഇമ്മാനുവേൽ മക്രോ ഫോൺ സംഭാഷണം നടത്തിയത്.

കിഴക്കൻ യുക്രെയ്ൻ മേഖലയിൽനിന്നു ഷെല്ലാക്രമണം നടത്തുന്ന വിമതരോട് ഉടൻ വെടിനിർത്താൻ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നും റഷ്യയും യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടനയും അംഗമായ ചർച്ചാസമിതിയുടെ അടിയന്തരയോഗം ചേരാനാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആവശ്യങ്ങൾ ചോദിച്ചറിയാനും പ്രശ്നങ്ങൾ രമ്യമായി തീർക്കാനും നേരിട്ടു കാണാൻ ആഗ്രഹമുണ്ടെന്ന് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ റഷ്യ തയാറാകണമെന്നു യുറോപ്യൻ യൂണിയൻ അഭ്യർഥിച്ചു. മേഖലയിലെ സൈനികാഭ്യാസം റഷ്യ അവസാനിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് ജി7 രാജ്യങ്ങളിലെ മന്ത്രിമാർ അറിയിച്ചു. കിഴക്കൻ യുക്രെയ്നിൽ നടന്ന പുതിയ ഷെല്ലാക്രമണത്തിൽ യുക്രെയ്നും റഷ്യയും ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്ൻ വിടാൻ ഫ്രാൻസും ജർമനിയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here