വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റവിചാരണ സെനറ്റിൽ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റാരോപണങ്ങൾക്കുള്ള ഒൗദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് ആറു വരെ ട്രംപിന് സമയം അനുവദിച്ചു. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതൽ വിചാരണ നടക്കും.
ഇതിനായി ഇംപീച്ച്മെന്റ് പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏഴംഗ ടീമിന് ജനപ്രതിനിധി സഭാ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആഡം ഷിഫ് നേതൃത്വം നൽകും. ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ സെനറ്റിന് കൈമാറും.സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകൾ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കൻ സംഘം രൂപകൽപന ചെയ്തിരിക്കുന്നത്. വിചാരണ രണ്ടാഴ്ച മുതൽ ആറാഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുൾപ്പെടെ കർശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങൾക്കു മേലുള്ളത്. തൽസമയ ട്വീറ്റുകൾക്കും വിലക്കുണ്ട്. കുറ്റവിചാരണയുമായി ബന്ധമില്ലാത്ത ഒന്നും സെനറ്റിനുള്ളിൽ കയറ്റാൻ അനുവാദമില്ല. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരേ മത്സരിക്കാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ബൈഡനെ താറടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് എതിരേ അന്വേഷണത്തിനു യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയത് അധികാര ദുർവിനിയോഗമാണെന്നാണ് ഇംപീച്ച്മെന്റിന് ആധാരമായ കേസ്.