ഫ്ളോറിഡ:- കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനാൽ ക്വാറന്റെയിനിൽ കഴിയണമെന്ന ഉത്തരവ് ലംഘിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒസെ അന്റോണിയോ (24) ,യോഹന്ന ഗൊൺസാലസ് (26) എന്നിവരെ ജൂലായ് 29 ബുധനാഴ്ച രാത്രിയാണ് കി വെസ്റ്റിൽ നിന്നും പൊലീസ് പിടികൂടിയത്.രണ്ടാഴ്ച മുമ്പാണ് ഇരുവർക്കും കൊ വിഡ് 19 കണ്ടെത്തിയത്.വീട്ടിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും മാസ്ക് ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഇവർ താമസിച്ചിരുന്ന അപ്പാർട്മെൻറ് കോംപ്ളക്സിലെ മാനേജർ, രണ്ടു പേരും കോവി സ്റ്റ പ്രോട്ടോ കോൾ ലംഘിക്കുന്നതായി പൊലീസിന് വിവരം നൽകി. തുടർന്ന് മോൻറൊ കൗണ്ടി ഷെറീഫ് ഓഫീസിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ബുധനാഴ്ച തന്നെ ഇവരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഇവരെ മറ്റുള്ള തടവുകാരിൽ നിന്നും മാറ്റിയാണ് താമസിപ്പിച്ചിരുന്നതെന്ന് ഷെറീഫ് ഓഫീസ് വക്താവ് ആഡം ലിൻ ഹാഡറ്റ പറഞ്ഞു.
ഇവർക്കെതിരെ സംസ്ഥാനത്ത് നിലവിലിരിക്കുന്ന ക്വാറൻറയ്ൻ, ഐസലേഷൻ ഉത്തരവുകൾ ലംഘിച്ച കുറ്റത്തിനു കേസ്സെടുത്തു. കുറ്റം തെളിയുകയാണെങ്കിൽ 60 ദിവസം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്നും ഷെറീഫ് അറിയിച്ചു. ഫ്ളോറിഡ സംസ്ഥാനത്തു കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ലോക്കൽ ഗവർണർമാരുടെ ഉത്തരവുകൾ പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.





































