gnn24x7

കഷ്ടതകൾ, പ്രതിഫലം നൽകുന്ന വിലക്കുകൾ. (പി പി ചെറിയാൻ)

0
1266
gnn24x7

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശൂർ ജില്ലയുടെ ചരിത്രപ്രസിദ്ധമായ സ്വരാജ് റൗണ്ടിൽ നിന്നും കിഴക്കെ ദിശയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കിഴക്കേ കോട്ടയും ,ജൂബിലി മിഷൻ ആശുപത്രിയും,കൽദായ സുറിയാനി മാർ അപ്രേം പള്ളിയും ,സെന്റ് സെബാസ്റ്റ്യൻ കാതോലിക്ക പള്ളിയും പിന്നിട്ടു എത്തിച്ചേരുന്ന പ്രശാന്ത സുന്ദരമായ ചെറിയൊരു ഗ്രാമ പ്രദേശമായിരുന്നു ഞാൻ ജനിച്ചുവളർന്ന നെല്ലിക്കുന്ന് പ്രദേശം.

എണ്ണത്തിൽ വളരെ ചുരുക്കമായ ഒറ്റപ്പെട്ട ചില വീടുകളിലും , ലൈൻ മുറികളിലുമായി താമസിച്ചിരുന്നവർ ഒഴിവു ദിനങ്ങളിലും , വൈകുന്നേരങ്ങളിലും വിശാലമായ വീട് മുറ്റങ്ങളുടെ മുൻപിൽ ഒരുമിച്ചു കൂടി സൗഹർദം പങ്കിട്ടിരുന്ന മധുരിക്കുന്ന അനുഭവങ്ങൾ ഇന്നും എന്റെ സ്മരണകളിൽ കുളിരു കോരിയിടുന്നു .ഞാൻ താമസിച്ചിരുന്ന വീടിനു മുൻപിൽ ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലങ്ങളിൽ കൈതച്ചക്കയും, എള്ളും കൃഷി ചെയുന്ന കൃഷിയിടങ്ങൾ. തൊട്ടടുത്ത് തേൻ വരിക്ക പ്ലാവും ,തൊലി കൈപ്പൻ, വട്ടൻ, മുവാണ്ടൻ, കൊലംബു,പ്ലിയൂർ മാങ്ങകൾ നിറഞ്ഞു നിൽക്കുന്ന മാവുകളും, ഞങ്ങൾ വിളിക്കുന്ന കോൽപുളി മരങ്ങളും, ഒരുകാറ്റു വന്നാൽ റോഡ് നിറയെ കൊഴിഞ്ഞു വീഴുന്ന ഞാവൽ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങളും, ആകാശത്തു ചുവപ്പു പരവതാനി വിരിച്ചുവോ എന്നു സംശയിച്ചു പോകുന്ന ചുവന്ന പൂക്കൾ നിറഞ്ഞു നിൽക്കുന്ന മല്ലിവാൾ വ്രക്ഷങ്ങളും ഇടകലർന്നു നിൽക്കുന്ന പ്രക്രതി സുന്ദരമായ ഭൂപ്രദേശം.

സ്കൂൾ വിട്ടുവന്നാൽ സമീപ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഒത്തുചേർന്നിരുന്നത് വിശാലമായ വ്ര്ക്ഷ നിബിഡമായ പറമ്പിന്റെ ഏകദേശം മധ്യഭാഗത്തുള്ള കളി ഗ്രൗണ്ടിലാണ് .ഒരാൾക്ക് വട്ടത്തിൽ എത്തി പിടിക്കുവാൻ കഴിയാത്ത വൻ കോൽപുളി മര ശിഖരങ്ങളിൽ വലിഞ്ഞുകയറി കഥകൾ പറയുന്ന ചിലർ , തുണിപന്തുമായി ഗ്രൗണ്ടിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ചിലർ .ഗോലിയും ,പളുംഗും,റബർമരങ്ങളുടെ കായ്കളും ഉപയോഗിച്ചു കളം വരച്ചു മത്സരിക്കുന്നവർ,പമ്പരം കൊത്തികളിക്കുന്നവർ എല്ലാംകൊണ്ടും തിരക്കു പിടിച്ച, ഉല്ലാസകരമായ സായാഹ്നം. വ്റഛിക മാസമായാൽ കുട്ടികൾ ഒഴിഞ്ഞു കിടക്കുന്ന പറമ്പുളളിൽ പട്ടം പരത്തുന്നതിനുള്ള മത്സരംഗളിൽ വാശിയോടെയാണ് പങ്കെടുക്കുക. അതെല്ലാം വെറുമൊരു പഴങ്കഥകളായി മാറി .

ഇന്നു ഞാൻ ജനിച്ചു വളർന്ന ദേശം കോൺക്രീറ്റ് കൂനകളുടെ ഒരു കൂമ്പാരമായി അവശേഷിക്കുന്നു..ജനിച്ച മണ്ണിനെ തള്ളിപ്പറഞ്ഞു ഇന്നു ഞാൻ ജീവിക്കുന്നത് ദേശക്കാർ സ്വർഗം എന്ന് പേരിട്ടു വിളിക്കുന്ന ഏഴാം കടലിനക്കരെയുള്ള സ്വർഗ്ഗ നരഗത്തിലാണ്.
കൊറോണ എന്ന മഹാമാരി സംഹാര താണ്ഡവമാടുമ്പോൾ ഒന്ന് പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു മരണ ഭയമോ സർക്കാരോ അനുവാദം തരുന്നില്ല .കൂറ്റൻ വീടുകളിലെ അടച്ചിട്ട ശീതീകരിച്ച മുറികൾക്കുള്ളിൽ നിർവികാരികയോടെ വെറുതെ ജനാലയിലൂടെ ആകാശത്തിലേക്കു കണ്ണും നട്ടിരിക്കുമ്പോൾ ബാല്യകാല സ്മരണകളിലേക്ക് അല്പസമയമൊന്നു ഊളയിട്ടിറങി .

എൻറെ ബാല്യകാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്നു പട്ടം പറപ്പിക്കൽ .വിശാലമായ വെളിമ്പ്രദേശത്തു മന്ദമാരുതന്റെ തലോടലുകളേറ്റു എന്റെ വിരലുകൾക്കിടയിൽ ഉറപ്പിക്കുന്ന ചരടിന്റെ മറ്റേ അറ്റത്ത് ബന്ധിച്ചിരുന്ന ആ വർണപേപ്പർ ഒരു പക്ഷിയെ പോലെ ആകാശത്തിൽ ത ത്തികളിക്കുന്നതും പറന്നുയരുന്നതും കണ്ടുകൊണ്ട് എത്ര മണിക്കൂർ ആണ് ഞാൻ സംതൃപ്തിയോടും ആനന്ദത്തോടെ കൂടെ ചെലവഴിച്ചിരുന്നത്. ആ പട്ടത്തിനു സംസാരിക്കാൻ കഴിവുണ്ടായിരുന്നു വെങ്കിൽ അത് തന്നോട് തന്നെ ഇപ്രകാരം പറയുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു .”ഇതാ എത്ര ഉയരത്തിലാണ് ഞാൻ പറക്കുന്നത് എത്ര സുന്ദരം ആയിട്ടാണ് ഞാൻ ആകാശത്തിൽ തത്തി കളിക്കുന്നത്. ആ കുസൃതി ചെറുക്കൻ താഴെ ആ ചരടിന്റെ അറ്റത്തു തൂങ്ങി കിടന്നിട്ടും ഞാനിതെല്ലാം ചെയ്യുന്നു.വേണ്ടേ എനിക്കിനി ചരടിന്റെ പിടി വേണ്ടേവേണ്ട. എനിക്കൊരു വാലും വീതിയുമുള്ള ചിറകുകളുണ്ട്. പക്ഷേ ആ ശല്യക്കാരൻ പയ്യൻ അവനെ കൂടെ ഞാൻ കാറ്റിൽ വലിച്ചു ഉയർത്തണമെന്ന അവൻ പ്രതീക്ഷിക്കുന്നു മട്ടിൽ ആ ചരടിൽ തൂങ്ങിക്കിടക്കുകയാണ്. അവൻ പിടിച്ചിരിക്കുന്ന ആ ചരടിന്റെ ബന്ധനം ഇല്ലായിരുന്നുവെങ്കിൽ ഞാൻ പറന്നു ചന്ദ്രനിൽ എത്തുമായിരുന്നു. ഹാ ഈ ചരടിൽ എന്നെ കെട്ടിയിട്ട് ശല്യപ്പെടുത്തി ഇല്ലായിരുന്നുവെങ്കിൽ”

പട്ടം പറപ്പികുന്നതിനിടയിൽ ചിലപ്പോൾ എൻറെ ശ്രദ്ധ പതറി ആചരടിന്റെ പിടി അയഞ്ഞു പോയിട്ടുണ്ട്, പെട്ടെന്ന് ആ പട്ടം അതിൻറെ നിലവിട്ട് തെറ്റി ആടിയാടി താഴേക്ക് വന്നു വല്ല വൃക്ഷ ശിഖരത്തിലും കുടുങ്ങിക്കിടക്കും . അപ്പോൾ ആ നിഗളിയായ കടലാസ് കോലത്തിനു എന്ത് പറയാനുണ്ടാകും ഒരുപക്ഷേ ഇത്രമാത്രമായിരിക്കും ” കൊള്ളാം കൊള്ളാം എന്നെ താഴെ പിടിച്ചു വലിക്കുന്നു എന്നു ഞാൻ കരുതിയിരുന്ന ആ ചരട് തന്നെയാണല്ലോ എന്നെ ആകാശത്തേക്ക് ഉയർന്നു നിൽക്കുമാറാക്കിയിരുന്നത്.”

ഇത്രയും കാര്യങ്ങൾ സ്‌മൃതിപഥത്തിലൂടെ കടന്നുപോയപ്പോൾ ഇന്നത്തെ ഒരു സാഹചര്യവുമായി അല്പമൊന്നു താരതമ്യം ചെയുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു .പട്ടത്തിന്റെ അവസ്ഥ പോലെ തന്നെ നമ്മുടെ ജീവിതത്തിൽ ക്രിസ്തീയ വളർച്ചയുടെയും ആത്മീയ പുരോഗതിയുടെയും ഏറിയപങ്കും സാധ്യമായി തീരുന്നത് നമുക്ക് പലപ്പോഴും വിഷമകരമായ തോന്നുന്ന കഷ്ടതകളുടെയും പരിശോധനകളുടേയും ഫലമായിട്ടാണ് .ഈ പ്രയാസമേറിയ അനുഭവങ്ങൾ ആകുന്ന വിലക്കുകൾ ദൈവം എടുത്തു കളയുകായാണെങ്കിൽ നമ്മുടെ ജീവിതവും ലക്ഷ്യംപിഴച്ച ആ പട്ടത്തെ പോലെ ലഹീനമായിത്തീരും.

യാക്കോബിന്റെ വാക്കുകൾ ഓർക്കുക നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞു അത് അശേഷം സന്തോഷമെന്ന് എണ്ണുവിന്‍ . തൻറെ മക്കൾ ആത്മീയ നഭോമണ്ഡലത്തിൽ ഉയർന്നു പറക്കണമെന്നു ആഗ്രഹിക്കുന്ന നമ്മുടെ കർത്താവ് അറിഞ്ഞുകൊണ്ട് അനുവദിക്കുന്നതാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പരിശോധനകൾ. അവ തീർച്ചയായും നമുക്ക് പ്രതിഫലം നൽകുന്ന വിലക്കുകളാണ് .നിങ്ങൾ തെന്നി വീഴാതിരികുന്നതിനു നിങ്ങളുടെ ജീവിതപാതയിൽ വിതറപെട്ടിരിക്കുന്ന മൺതരികളാണ് കഷ്ടതകൾ. .ആകഷ്ടതകളുടെ നടുവിലേക്ക്, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്കു ഇറങ്ങി വന്നു ആണിപാടുള്ള കരതലങ്ങളാൽ തലോടുകയും ഉള്ളംകരങ്ങളിൽ താങ്ങി ആശ്വസിപ്പിക്കാൻ ഒരാളുണ്ട് എന്ന വിശ്വാസമാണ് നമ്മെ തകർന്നു പോകാതെ നിലനിൽകുവാൻ പ്രാപ്തനാകുന്നത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here