gnn24x7

ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ ഒമ്പതുപേരും മരിച്ചു

0
308
gnn24x7

ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ ഒമ്പതുപേരും മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഭൂഗർഭ ജല വൈദ്യുത നിലയത്തിൽ അപകടം ഉണ്ടായത്. ആറു മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങൾ കൂടി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അസിസ്റ്റന്റ് എൻജിനീയർമാരായ സുന്ദർ നായിക്, മോഹൻ കുമാർ, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ 19 പേരാണ് ജലവൈദ്യുത നിലയത്തിൽ ഉണ്ടായിരുന്നത്. പത്തുപേർ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടു. ഒമ്പതുപേർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.

തെലങ്കാനമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

തുടർന്ന് ആറ് യൂണിറ്റ് പവർ സ്റ്റേഷന്റെ യൂണിറ്റ് 4 ൽ സ്ഫോടനമുണ്ടായി. ഇതിനെ തുടർന്ന് എല്ലായിടത്തും പുക നിറഞ്ഞതാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. തുരങ്കത്തിനുള്ളില്‍ കനത്ത പുക പടര്‍ന്നതിനാല്‍ രക്ഷാ പ്രവർത്തകർ രാവിലെ മൂന്ന് തവണ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. 11 മണിയോടെയാണ് അകത്തേക്ക് പ്രവേശിക്കാനായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആഭ്യന്തരമന്ത്രി അമിത് ഷാ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവർ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here