gnn24x7

യുഎസിൽ സാഹചര്യം അതിഭീകരം; ഓസ്റ്റിനിൽ ബാക്കിയുള്ളത് ആറ് ഐസിയു ബെഡുകൾ മാത്രം

0
347
gnn24x7

ന്യൂയോർക്: യുഎസിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന. ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണം 570% ആയും ഉയർന്നെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

‘സാഹചര്യം അതിഭീകരമാണ്’ എന്നാണ് പൊതുജനാരോഗ്യ മെഡിക്കൽ ഡയറക്ടർ ഡെസ്മർ വാക്സ് ശനിയാഴ്ച പറഞ്ഞത്. ഇത് ഫോൺ, ഇമെയിൽ സന്ദേശങ്ങളിലൂടെ ജനങ്ങളെ അറിയിച്ചെന്നും കേസുകൾ വർധിക്കുന്നത് ആശുപത്രികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ കോവിഡ് വർധനയ്ക്കു കാരണമായി പറയുന്നത്. സാഹചര്യം വഷളാകുന്നതിനാൽ പൊതുജങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി യുഎസിലെ ടെക്സസിൽ വീണ്ടും അടിയന്തര മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കി.

ടെക്സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിൻ പ്രദേശത്തെ കേസുകൾ പത്തു മടങ്ങ് വർധിച്ചതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. .4 ദശലക്ഷം ജനസംഖ്യയുള്ള ഓസ്റ്റിനിൽ ആറ് ഐസിയു ബെഡുകൾ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഡേറ്റ വ്യക്തമാക്കുന്നത്. 313 വെന്റിലേറ്ററുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.

29 ദശലക്ഷം ജനസംഖ്യയുള്ള ടെക്സസിൽ 439 ഐസിയു ബെഡുകളും 6,991 വെന്റിലേറ്ററുകളുമാണ് ബാക്കിയുള്ളത്. പകർച്ചവ്യാധി അതിഭീകരമായി വ്യാപിക്കുകയാണെന്ന് കാട്ടി ടെക്സസ് ഭരണകൂടം ശനിയാഴ്ച പ്രദേശവാസികൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി അപായമണികൾ മുഴക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here