
വാഷിംഗ്ടണ്‍: നാലു വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്ടറല്‍ കോളേജ് ഡിസംബര്‍ 14ന് ചേര്‍ന്ന് ബൈഡനേയും കമലാ ഹാരിസിനേയും തിരഞ്ഞെടുത്താല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
നവംബര്‍ 26 വ്യാഴാഴ്ച വൈറ്റ് ഹൗസ് ഡിപ്ലൊമാറ്റിക് റസിപ്ഷന്‍ റൂമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന യുഎസ് മിലിട്ടറി ലീഡര്‍മാരുമായി ടെലികോണ്‍ഫറന്‍സ് നടത്തിയശേഷം റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇരുപതുമിനിട്ട് നീണ്ടു നിന്ന പത്രസമ്മേളനത്തില്‍ പലപ്പോഴും ട്രംപ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രൊജന്റഡ് വിജയിയായ ജോ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കുമോ എന്ന റോയിട്ടേഴ്‌സ് കറസ്‌പോണ്ടന്റ് ജെഫ് മേസന്റെ ചോദ്യം ട്രംപിനെ പ്രകോപിപ്പിച്ചു. പ്രസിഡന്റിനോടു ഒരിക്കലും ഈ വിധത്തില്‍ ചോദിക്കരുതെന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇത്തവണയും തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമവും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു.
ബൈഡന് ലഭിച്ച 80 മില്യണ്‍ വോട്ടുകള്‍ (റെക്കോര്‍ഡാണിത്) കൂട്ടായ അട്ടിമറിയുടെ ഫലമാണ്. സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗീകമായി സര്‍ട്ടിഫൈ ചെയ്യുന്ന തിരക്കിലാണെന്നും, അതിനുശേഷം ബൈഡന്റെ വിജയം ഔദ്യോഗീകമായി പ്രഖ്യാപിക്കും. അതുവരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞു. ഇതുവരെ ഇലക്ടറല്‍ കോളേജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ട്രംപ് ചോദിച്ചു. സുപ്രധാന സംസ്ഥാനങ്ങളില്‍ ഒബാമ നേടിയതിനേക്കാള്‍ വോട്ടുകള്‍ ബൈഡന്‍ നേടിയെന്നതു തന്നെ അട്ടിമറി നടന്നു എന്നു വ്യക്തമാണെന്നും ട്രംപ് പറഞ്ഞു.