gnn24x7

അതിവേഗം ബഹുദൂരം സഞ്ചരിച്ചു രണ്ടാം ഊഴവും കാത്തു ട്രമ്പ്

0
219
gnn24x7

2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പിൽ ഏർളി വോട്ടിംഗ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് അമേരിക്കൻ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു നവംബര് 3 ചൊവാഴ്ച രാവിലെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് .അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും വീറും വാശിയും ഉദ്വെഗവും നിറഞ്ഞു നിന്ന മറ്റൊരു തിരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ എന്നു സംശയമാണ് .അതിന്റെ ശക്തമായ പ്രതിഫലനമാണ് മുൻ തിരഞ്ഞെടുപ്പുകളിലൊന്നും പ്രകടമല്ലാത്ത ഉയർന്ന പോളിംഗ് ശതമാനം .

2016ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ രാജ്യത്താകമാനം ആകെ പോൾ ചെയ്ത വോട്ടുകളുടെ മൂന്നിൽ രണ്ടു ഭാഗം ഇതിനകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു . ആകെ 94 മില്യൺ വോട്ടുകൾ പോൾ ചെയ്തതിൽ 34 മില്യൺ നേരിട്ടും 60 മില്യൺ മെയിൽ ഇൻ ബാലറ്റുകലുമാണ് .ഇതിൽ രജിസ്‌ട്രേഡ് വോട്ടർമാർ 45 ശതമാനം ഡെമോക്രാറ്റുകളും , 30 ശതമാനം റിപ്പബ്ലിക്കനും ,23 ശതമാനം ഒരു പാർട്ടിയിലും ഉൾപെടാത്തവരുമാണ്.

ഏർളി വോട്ടിങ് പൂർത്തിയായതോടെ സ്ഥാനാർത്ഥികളുടെ ജയ പരാജയങ്ങൾ മിക്കവാറും തീരുമാനിക്കപ്പെട്ടിട്ടുമുണ്ടാകും .ഇതുവരെ പുറത്തുവന്നിരുന്ന എക്സിറ്റ് പോളുകൾ നൽകുന്ന സൂചന ഡെമോക്രാറ്റിക്‌ പാർട്ടിക്ക് അടുത്ത നാലു വർഷത്തെ ഭരണം ലഭിക്കുമെന്ന് തന്നെയാണ്. 2016 ലെ തിരെഞ്ഞെടുപ്പിൽ ചുരുക്കം ചില സർവേകളെങ്കിലും ട്രംപിനു അനുകൂലമായിരുവെങ്കിൽ നാളിതു വരെ ഒരു സർവ്വേ ഫലം പോലും ട്രമ്പിനനുകൂലമായി പ്രവചിച്ചിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ച ടെക്സാസ് ,ഫ്ലോറിഡാ തുടങ്ങിയ കൂടുതൽ ഇലക്ട്‌റൽ വോട്ടുകളുള്ള സംസ്ഥാനങ്ങൾ ഈ തിരെഞ്ഞെടുപ്പിൽ പിടിച്ചെടുക്കുക എന്നത് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ അഭിമാനത്തിന്റെ പ്രശ്‍നം കൂടിയാണ് .2016 ൽ ടെക്സാസ് സംസ്ഥാനത്തു ആകെ പോൾ ചെയ്ത വോട്ടിനേക്കാൾ 110 ശതമാനമാണ് ഇതുവരെയുള്ള വോട്ടിംഗ് ലെവൽ.ഫ്ലോറിഡായിലാണെങ്കിൽ 100ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. യുവ വോട്ടർമാരുടെ നീണ്ട നിര സംസ്ഥാനങ്ങളിലെ പോളിംഗ് ബൂത്തുകളിൽ കാണാനിടയായതു ആരെ പിന്തുണക്കുമെന്ന് അറിയണമെങ്കിൽ ചൊവാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരും.

നാലു പ്രധാന വിഷയങ്ങളാണ് വോട്ടർമാരുടെ മുന്പിലുള്ളത് .ഒന്നാമതായി കൊറോണ വൈറസ് എന്ന മഹാമാരി തുടര്ന്നുണ്ടായ അതിരൂക്ഷമായ തൊഴിലില്ലായ്മയും സാംമ്പത്തിക തകർച്ചയും ,രണ്ടാമതായി ഇമ്മിഗ്രേഷൻ നയം ,മൂന്നാമത് അന്തർദേശിയ തലങ്ങളിൽ അമേരിക്കയുടെ അന്തസ്സ് ,നാലാമത് രാജ്യത്തിന്റെ സുരക്ഷ ഈ നാലു വിഷയങ്ങളിലും. പ്രസിഡന്റ് എന്ന നിലയിൽ ട്രമ്പ് പരിപൂർണ പരാജയമായിരുന്നുവെന്നു ഡെമോക്രറ്റുകൾ പ്രചരിപ്പിക്കുന്നു.


മഹാമാരിയെ നേരിടുന്നതിൽ ട്രംപിന് അല്പം പിശക് പറ്റി എന്നു സമ്മതിച്ചാൽ പോലും മറ്റു മൂന്നു വിഷയങ്ങളിലും ട്രമ്പ് പൂർണ വിജയമായിരുന്നുവെന്നു റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെടുന്നു .പാർട്ടികളുടെ വിലയിരുത്തൽ ശരിയോ തെറ്റോ എന്നു തീരുമാനിക്കുന്നത് വോട്ടർമാരാണ് .ഒരുകാര്യം വ്യക്തമാണ് നാലു വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിൽ അതിവേഗം ബഹുദൂരം സഞ്ചരിച്ച ട്രാമ്പാണോ അതോ ഞാൻ അധികാരത്തിൽ എത്തിയാൽ എല്ലാം ശരിയാകും എന്നു ഉറപ്പു നൽകുന്ന ബൈഡനോ ആരാണ് 2020 ലെ തിരെഞ്ഞെടുപ്പിൽ വിജയിയാകുന്നതെന്നു ചോദിച്ചാൽ അപ്രതീക്ഷിത അട്ടിമറിയോ അത്ഭുതമോ ഒന്നും സംഭവിച്ചില്ലെങ്കിൽ, കമ്മ്യൂണിസ്റ് ചൈനയുടെ ഇടപെടൽ തിടഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെങ്കിൽ,അടുത്ത നാലുവർഷം ഇതേ ഭരണം തുടരാമെന്നുതന്നെയാകും വോട്ടർമാർ വിധിയെഴുതുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here