gnn24x7

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍

0
197
gnn24x7

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഐക്യരാഷ്ടസംഘടനയടക്കമാണ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1967ന് മുന്‍പ് അംഗീകരിച്ചിട്ടുള്ള രാജ്യാതിര്‍ത്തികള്‍ക്കനുസരിച്ച് ഇരു രാഷ്ട്രങ്ങളും സമാധാനത്തിലും സുരക്ഷിതവുമായി നിലനില്‍ക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചത്.

ഫലസ്തീനുമായി കൂടിയാലോചിക്കാതെ ഡൊണാള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രസിഡന്റ് നെതന്യാഹുവും ചേര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ തുടക്കം മുതലേ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പക്ഷപാതപരമാണെന്നാണ് പല രാഷ്ട്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. സമാധാന പദ്ധതി സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്രഈലും അമേരിക്കയും തമ്മിലുള്ള ഒരു കരാര്‍ മാത്രമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഫലസ്തീനുമാനുമായുള്ള കൂടിയാലോചന പോലും ഉള്‍പ്പെടുത്താത്ത പദ്ധതി സമാധാനത്തിനുള്ളതല്ല, മറിച്ച് ചില അനുവാദങ്ങളും നിയന്ത്രണങ്ങളും മാത്രമാണെന്നായിരുന്നു ഇറാന്‍ ചൂണ്ടിക്കാണിച്ചത്.

ട്രംപ് നൂറ്റാണ്ടിന്റെ പദ്ധതി എന്ന് വിശേഷിപ്പിച്ച പദ്ധതിയെ നൂറ്റാണ്ടിന്റെ ചതി എന്നാണ് ഇറാന്‍ വിളിച്ചത്. പദ്ധതി വിജയിക്കുകയില്ലെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ദാനും പദ്ധതിയോട് അനുകൂലമായല്ല പ്രതികരിച്ചത്. ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ജനങ്ങള്‍ അംഗീകരിക്കുന്ന, ആത്മാര്‍ത്ഥമായ ഏത് പദ്ധതിയെയും സ്വാഗതം ചെയ്യുന്നതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി അറിയിച്ചു. ഇസ്രാഈലിന് മാത്രം ഗുണകരമായ പദ്ധതി ഫലസ്തീന്റെ കൂടുതല്‍ ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഭീകരമായ അനന്തരഫലങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തുര്‍ക്കിയും നിശിതവിമര്‍ശനമാണ് പദ്ധതിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജറുസലേം ഫലസ്തീനിന്റെ തലസ്ഥാനമാണെന്നും ഇസ് ലാമിക ലോകത്തിന്റെ ഹൃദയഭാഗമാണെന്നും തുര്‍ക്കി പ്രതികരിച്ചു. പുതിയ പദ്ധതി ഏറെ അപകടകരമാണെന്ന് പ്രഖ്യാപിച്ച് ലെബനന്‍ ചില അറബ് രാഷ്ട്രങ്ങളുടെ ചതി മൂലമാണ് ഇത്തരത്തിലൊരു പദ്ധതിയായി വരാന്‍ പോലും അമേരിക്കയ്ക്ക് കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നുമാണ് സൗദി അറേബ്യ പ്രതികരിച്ചത്.

ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അഭിന്ദച്ചുകൊണ്ട് ഈജിപ്ത് രംഗത്ത് വന്നെങ്കിലും ഫലസ്തീനും ഇസ്രഈലും പ്രശ്‌നത്തെ ഗൗരവമായ പഠനത്തിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ഫലസ്തീന്‍കാര്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് നിരീക്ഷിച്ചത്.

പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പദ്ധതിയെ ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും നേതാക്കള്‍ പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here