
ടെക്‌സസ് : വീടിനു പുറകിലിരുന്നു യുവതി ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്നു സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു.
മാര്‍ച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ടെക്‌സസിലെ സാന്‍ അന്റോണിയായില്‍ സംഭവം. വീടിന്റെ വാതിലില്‍ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടില്‍ താമസിച്ചിരുന്നവര്‍ ഉറക്കമുണര്‍ന്നത്. തീ പിടിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന അഗ്‌നിശമനസേനാഗംങ്ങള്‍ വളരെ പാടുപെട്ടാണ് തീ അണച്ചതെന്നു ഫയര്‍ ക്യാപ്റ്റന്‍ ജോണ്‍ ഫ്‌ലോറസ് പറഞ്ഞു.
തീ അണക്കുന്നതിനിടയില്‍ രണ്ടു വീടിന്റേയും മേല്‍ക്കൂര കത്തിയമര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഒരു ചെറിയ ബൈബിള്‍ തീ ഇടുന്നതിനിടയില്‍ എങ്ങനെയാണു വീടുകളിലേക്ക് ആളിപ്പടര്‍ന്നത് എന്നതിനെകുറിച്ച് വിശദീകരണം നല്‍കാനാവാതെ വിഷമിക്കുകയാണു ഫയര്‍ഫോഴ്‌സ്.
ഏതായാലും ബൈബിളിനു തീയിട്ട സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എന്തുകുറ്റമാണ് ചാര്‍ജ് ചെയ്യേണ്ടതെന്നു തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പി.പി. ചെറിയാന്‍


































