ബെംഗളൂരു: കഫെ കോഫി ഡേ ശൃംഖലയുടെ ഉടമയായ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് സ്ഥാപകനും മുൻ ചെയർമാനുമായ വി.ജി സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ തിങ്കളാഴ്ച കഫെ കോഫി ഡേ (സിസിഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.
ഒരു വർഷത്തിലേറെയായി സിദ്ധാർത്ഥയുടെ മരണം സംഭവിച്ചിട്ട്. സിദ്ധാർത്ഥയുടെ മൃതദേഹം തുറമുഖ നഗരമായ മംഗളൂരുവിനടുത്തുള്ള നദിയിൽ പൊങ്ങിക്കിടക്കുന്നതായാണ് കണ്ടെടുത്തിയത്. കടബാധ്യതയെ തുടർന്ന് അദ്ദേഹം ആത്മഹത്യാ ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കോഫി ഡേ എന്റർപ്രൈസസ് സ്വതന്ത്ര ബോർഡ് അംഗം എസ് വി രംഗനാഥിനെ ഇടക്കാല ചെയർമാനായി നിയമിച്ചിരുന്നു.
വി.ജി സിദ്ധാർത്ഥയുടെ ആത്മഹത്യക്ക് ശേഷം മാളവികയും മകൻ അമർത്യ ഹെഗ്ഡെയും ചേർന്നാണ് 2019 മുതൽ കമ്പനിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. ആസ്തികൾ വിറ്റഴിച്ച് കടബാധ്യത 7200 കോടി രൂപയിൽ നിന്ന് 3200 കോടിയായി കുറച്ചു. കർണാടക മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മകളുമാണ് മാളവിക ഹെഗ്ഡെ.