ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. ദമ്പതികളായ യാത്രക്കാർ മറന്നു വച്ച ബാഗാണ് 60 കാരനായ ഓട്ടോ ഡ്രൈവർ തിരികെ നൽകിയത്.
വിത്തൽ മപാരെ എന്ന ഓട്ടോ ഡ്രൈവറുടെ വണ്ടിയിൽ പുണെയിലെ കേശവ് നഗറിൽ നിന്നും ഹദ്പസാർ ബസ് സ്റ്റാൻഡ് വരെയാണ് ഇവർ യാത്ര ചെയ്തത്. എന്നാൽ ഇറങ്ങാൻ നേരം ബാഗ് മറന്നു പോവുകയും ചെയ്തു.
ദമ്പതികളെ ബസ് സ്റ്റാൻഡിൽ വിട്ടശേഷം അവിടുന്ന് മറ്റൊരു വഴിയിലെത്തി ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് ഇദ്ദേഹം വണ്ടിയുടെ പിൻ സീറ്റിൽ ഒരു ബാഗ് കണ്ടത്. ഉടൻ തന്നെ അദ്ദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറെ ഏൽപിക്കുകയായിരുന്നു.
പണമായി 20,000 രൂപയും 11 പവൻ സ്വർണ്ണവും ബാഗിൽ ഉണ്ടായിരുന്നെന്ന് പോലീസ്. കൂടാതെ കുറച്ചു വസ്ത്രങ്ങളുമുണ്ടായിരുന്നു. ദമ്പതികൾ ഇത്രയും വസ്തുക്കൾ നഷ്‌ടപ്പെട്ടു എന്ന് ഇതിനോടകം പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.
വാടക വീട്ടിൽ താമസിക്കുന്ന മപാരെ ലോക്ക്ഡൗൺ നാളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇദ്ദേഹത്തിന്റെ മകൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ലഭിക്കുന്ന അഭിനന്ദനത്തിൽ താൻ സന്തുഷ്‌ടനാണെന്നു അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അതിനെ കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










































