ഒരുലക്ഷത്തിലേറെ പേരെ ഗ്രസിച്ചും അനേകായിരം ജീവനുകൾ അപഹരിച്ചും മനുഷ്യ ജീവിതങ്ങളെ ആട്ടിയുലക്കുന്ന മഹാ വിപത്ത്; ഇതെല്ലാമാണ് മലയാളികൾ ഉൾപ്പെടുന്ന ജനസമൂഹത്തിന് കൊറോണ വൈറസ്. ലോകം മുഴുവൻ ഭയത്തിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും ആശ്വാസമാവുന്നത് രോഗബാധിതർക്കായി ജീവിതം തന്നെ ഉഴിഞ്ഞു വച്ച ആരോഗ്യ പ്രവർത്തകരും അവരെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി വീണ്ടും കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷവുമാണ്.
കൊറോണ ബാധിതനായ 87 വയസ്സുള്ള മുത്തച്ഛൻ ഒരു മാസത്തിന് ശേഷം സൂര്യോദയം ആസ്വദിക്കുന്ന ചിത്രം ഇന്റർനെറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. ചൈനയിലെ കൊറോണ ഉറവിടമായ വുഹാനിലെ ആശുപത്രിയിൽ നിന്നും സി.ടി. സ്കാൻ എടുക്കാൻ പോകും വഴിയാണ് സൂര്യോദയം കാണാനുള്ള മോഹം പറഞ്ഞ മുത്തച്ഛനെ ഒപ്പമുള്ള വ്യക്തി ഉദയ സൂര്യനെ കൺകുളിർക്കെ കാണാൻ ഒപ്പം കൂട്ടിയത്.










































