gnn24x7

ലോക്ക് ഡൗണിൽ ഭാര്യ വീട്ടിൽ കുടുങ്ങി ‌യുവാവ്; മരുമകനേയും കുടുംബത്തേയും സത്കരിച്ച് കടംകയറി ഭാര്യാപിതാവ്

0
339
gnn24x7

പട്ന: ലോക്ക്ഡൗണിന് തലേദിവസം വിവാഹിതനായ ഒരു ചെറുപ്പക്കാരൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്താണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിദിന്റെ വിവാഹം. ബിഹാർ സ്വദേശിയാണ് വധു. വിവാഹത്തിന് വധുവിന‍്റെ വീട്ടിലെത്തി. അടുത്ത ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭാര്യവീട്ടിൽ തന്നെ മുഹമ്മദ് ആബിദിനും കുടുംബത്തിനും തങ്ങേണ്ടി വന്നു.

ലോക്ക്ഡൗൺ ഒരു മാസത്തിലധികമായി തുടരുന്നതോടെയാണ് വേറെ വഴിയില്ലാതെ മുഖ്യമന്ത്രിക്ക് ആബിദ് കത്തയച്ചത്.

ഭാര്യവീട്ടിൽ ഇനിയും കഴിയാനാകില്ല. അതിഥികൾക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭർതൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതിൽ കൂടുതൽ ഭാര്യയുടെ വീട്ടിൽ നിൽക്കുന്നത് അഭിമാനക്ഷതമാണെന്നും കത്തിൽ പറയുന്നു.

അവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. വധൂഗൃഹത്തിൽ കുടുങ്ങിപ്പോയ തന്നേയും കുടുംബത്തേയും തിരിച്ച് നാട്ടിലെത്തിക്കണമെന്നാണ് ആബിദിന്റെ ആവശ്യം.മുഹമ്മദ് ആബിദ് അടക്കം ഒമ്പത് പേരാണ് വധൂഗൃഹത്തിലുള്ളത്. മണവാളനേയും ബന്ധുക്കളേയും നോക്കി പെണ്ണിന്റെ വീട്ടുകാരും ഒരുവഴിക്കായെന്നാണ് കത്തിൽ പറയുന്നത്.

ഈ വിഷയത്തിന് പ്രത്യേക പരിഗണന നൽകണം. തങ്ങളെ മാന്യമായി സത്കരിക്കാൻ ഭാര്യാ പിതാവിന് കടം വാങ്ങേണ്ട അവസ്ഥ വരെ എത്തി. ഇതൊക്കെ കണ്ട് വീണ്ടും ഇവിടെ തുടരേണ്ടി വരുന്നത് അന്തസ്സിന് ചേരുന്നതല്ലെന്നും കത്തിൽ പറയുന്നു.

എന്നാൽ മരുമകനേയും കുടുംബത്തേയും വേണ്ട രീതിയിൽ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്റെ ഭാര്യപിതാവ് പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here