ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് പകർച്ചവ്യാധി വർധിക്കുന്നത് തടയാൻ ഭരണകൂടം നിരന്തരം കർശന നടപടികളാണ് സ്വീകരിക്കുന്നത്. രോഗബാധ കൂടിയതിനെ തുടര്ന്ന് മാസ്ക് ഇല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമാണ് അധികൃതർ നല്കിയിരിക്കുന്നത്.
ഇതിനിടയിൽ ആഡംബര കാറുമായി മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയ ആൾക്ക് ഇൻഡോർ പൊലീസ് നല്കിയ ശിക്ഷാ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സംഭവം നടന്നത് ഇൻഡോറിലെ ഹിരാനഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ബാപ്പട്ട് കവലയിലായിരുന്നു. ഇവിടെ ഒരു യുവാവ് രണ്ട് സീറ്റുള്ള ആഡംബര കാറായ പോർഷെ 718 ബോക്‌സ്റ്റാറിലൂടെ കടന്നുപോകുകയായിരുന്നു.
കാറിൽ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുകണ്ട മുനിസിപ്പൽ സേഫ്റ്റി കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ തടയുകയും മാസ്ക് എവിടെയെന്ന് ചോദിക്കുകയും ചെയ്തു. മുനിസിപ്പൽ സേഫ്റ്റി കമ്മിറ്റി അംഗം കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത്തിന് സിറ്റപ്പ് ശിക്ഷ നൽകുകയും ചെയ്തു. നിരവധി തവണ ഇയാളെകൊണ്ട് സിറ്റപ്പ് ചെയ്യിക്കുകയും ചെയ്തു.
എന്നാൽ തനിക്ക് കർഫ്യൂ പാസ് ഉണ്ടെന്നും ഭക്ഷണം വിതരണം ചെയ്യാനായിട്ടാണ് താൻ പുറപ്പെട്ടതായും എന്നാൽ മുനിസിപ്പൽ സേഫ്റ്റി കമ്മിറ്റി അംഗങ്ങൾ തന്റെ ഒരു വാക്കുപോലും കേട്ടില്ലയെന്നും യുവാവ് മീഡിയയോട് പറഞ്ഞു.
ഇൻഡോറിൽ കോറോണ ബാധിതരുടെ എണ്ണം ദിവസത്തിന് ദിവസം കൂടുകയാണ്. ഇവിടെ ഇതുവരെ കോറോണ ബാധിച്ചവരുടെ എണ്ണം 1085 ആയിട്ടുണ്ട്. 57 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.




































