പാലക്കാട്: കെ എം ഷാജി എംഎൽഎയ്ക്ക് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ മറുപടി ടിക് ടോക്കിലൂടെ അനുകരിച്ച ആറു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
എന്താ പെണ്ണിന് കുഴപ്പം എന്ന് ചോദിച്ച് മന്ത്രി നടത്തിയ തീപ്പൊരി പ്രസംഗം അതേ ഭാവത്തോടെ അവതരിപ്പിച്ച പാലക്കാട് ചിറ്റൂർ സ്വദേശിയായ യുകെജി വിദ്യാർത്ഥിനിയെ മന്ത്രി കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
മുത്തശ്ശിയുടെ കറുത്ത കണ്ണടയും അമ്മയുടെ ഷാളും ധരിച്ചാണ് ആവർത്തന മന്ത്രി കെ കെ ശൈലജയെ ടിക് ടോകിലൂടെ അനുകരിച്ചത്. മന്ത്രിയുടെ വിമർശനത്തിന്റെ ചൂടറിഞ്ഞ കെ എം ഷാജി പോലും ആവർത്തനയുടെ പ്രകടനം ആസ്വദിയ്ക്കും. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ ആവർത്തന.
ചിറ്റൂർ കച്ചേരിമേട് സ്വദേശി ശബരീഷിന്റെയും ജിഷയുടെയും മകളാണ് ആറുവയസുകാരിയായ ആവർത്തന. മുൻപും ടിക് ടോക് വീഡിയോകൾ ചെയ്യുമെങ്കിലും മന്ത്രിയുടെ പ്രസംഗമാണ് വൈറലായത്.
എന്താ പെണ്ണിന് കുഴപ്പം എന്ന മന്ത്രിയുടെ രോഷം കലർന്ന മറുപടി, ആവർത്തന സ്വന്തം ശബ്ദത്തിൽ പറയുമ്പോൾ ആ കുഞ്ഞു ശബ്ദത്തിലുമുണ്ട് മന്ത്രിയുടെ അതേ ഗൗരവം. വീഡിയോ വൈറലായതോടെ ആവർത്തനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.







































