കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടി. സംഭവസ്ഥലവും കാര്യങ്ങളും കളക്ടര്‍ സമഗ്രമായി അന്വേഷണം നടത്തുകയാണ്. റിസോര്‍ട്ടിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.
ഇതിനിടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇതില്‍ ടെന്റുകളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും പഞ്ചായത്തില്‍ നിന്നും അനുമതി തേടിയിരുന്നില്ല. വനാതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ടെന്റുകള്‍ നിര്‍മ്മിച്ചതെന്ന് വനപാലകരും കണ്ടെത്തി.
ഇതെ തുടര്‍ന്ന് വയനാട്ടില്‍ ഇത്തരത്തില്‍ കാട്ടിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള റിസോര്‍ട്ടുകളുടെ സുരക്ഷ, മറ്റു നിയമങ്ങള്‍ എന്നിവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ശക്തമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.






































