കടലിനും കാടിനും നടുക്ക്
നിന്നിട്ടുണ്ടോ?
വിചിത്രവും,അതിവിശി
ഷ്ടവുമാണ് അവിടം.
എനിക്കറിയാം,
അന്യരുടെ വേദാന്തം പോലല്ല,
സ്വർഗ്ഗത്തിലേക്കുള്ള
യഥാർഥ
നൂൽപ്പാലം അവിടങ്ങളിലാ
ണുള്ളതെന്ന്.
ഈ ഭൂമിയിലെത്തും മുൻപേക്കും,
വസന്തത്തിന്റെ നറുമണം
ഞാനറിഞ്ഞതും അവിടം
നിന്നാണെന്ന്.
ആത്മരഹസ്യത്തിന്റെ ഹർഷോന്മാദത്തിൽ പറയട്ടെ,
സമൃദ്ധമായ പ്രേമം ഞാൻ
പഠിച്ചതും,
കടച്ചിറ കെട്ടാനോ കാടിനതിരു
തീർക്കാനോ പറ്റാതെ
സ്നേഹത്തിൻറെ ആഴത്തിൽ
മുങ്ങി നിവർന്നതും
അവിടങ്ങളിലാണ്.
അനുഭവമുണ്ട്,
വിദൂരവശ്യമായ
പ്രപഞ്ചജ്യോതിസാണ്
അവിടങ്ങളിലെ
സ്ഥായിയായ ഭാവമെന്ന്.
അവിടങ്ങളിലെ
ആകാശനീലിമയുടെ പരവതാനിയിൽ
പോലുമുണ്ട്
ആ ജ്യോതിസിൻറെ തിളക്കം.
എന്റെയുള്ളിലെ ഒടുവിലത്തെ
പ്രകടസത്യശക്തി
പോലും അവിടങ്ങളിൽ നിന്നും
ബാക്കി വെക്കുന്ന
ഉന്മയാണ്.
ശീതളിമയുള്ള ഉണ്മ.
അതറിയണമെങ്കിൽ ഒറ്റ
വഴിയുള്ളൂ
നിങ്ങൾ,
നിങ്ങൾ കടലിനും
കാടിനും നടുക്ക്
ചെല്ലുക പിന്നെ
നൂൽപ്പാലം വഴി നേരെ സ്വർഗ്ഗത്തോട്ട്
കയറുക
അനു ചന്ദ്ര





































