കൊച്ചി: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിനു ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജെആർപി നേതാവ് പ്രസീതയുടെ ആരോപണം. പണം കൈമാറുന്നതിനായി നടത്തിയ ടെലഫോൺ സംഭാഷണങ്ങളും ഇവർ പുറത്തുവിട്ടു. ഇതോടെയാണ് സുരേന്ദ്രനെ ഒന്നാം പ്രതിയും ജാനുവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജാനു, ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ, ആരോപണം ഉന്നയിച്ച ജെആർപി നേതാവ് പ്രസീത എന്നിവരുടെ ശബ്ദ സാംപിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബത്തേരി കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. നേരത്തേയും പ്രസീതയുടെ ശബ്ദസാംപിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.





































