കോട്ടയം: ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുന്നതു തടയുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. മുണ്ടുകുഴി– റീത്തുപള്ളിക്കു സമീപമാണു സംഭവം. സ്ത്രീകളെയും മറ്റും റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. ഒരു മണിക്കൂർ നീണ്ട സംഘർഷാവസ്ഥയ്ക്കു ശേഷം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി കല്ലിടൽ പുനരാരംഭിച്ചു.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താല്‍. യുഡിഎഫും ബിജെപിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ സമരക്കാരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നില്‍വച്ചുപോലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ഇത്രയും വലിയ വികസന പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങളെ അത് പറഞ്ഞു ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





































