കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ് എസ്ഐ കെ.എ. അനിൽകുമാറിനെയാണു വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്.
അനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടു എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. വിജിലൻസ് നൽകിയ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുകളാണു പരാതിക്കാരൻ അനിൽകുമാറിനു കൈമാറിയത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം ഉച്ചയ്ക്ക് 12.45 ഓടെ കാറിൽവച്ച് ഇയാൾ യുവാവിൽനിന്നു തുക കൈപ്പറ്റി. വേഷം മാറി സമീപത്തു നിന്നിരുന്ന വിജിലൻസ് സംഘം ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു. അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.