gnn24x7

ഉത്ര കൊലക്കേസിൽ പ്രതി സൂരജ് ഉപയോഗിച്ച് മൂർഖൻ പാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

0
200
gnn24x7

കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജ് ഉപയോഗിച്ച് മൂർഖൻ പാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി. വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു. പാമ്ബിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

അതേസമയം അന്ന് പാമ്പിനെ പിടികൂടുമ്പോൾ ഒപ്പമുണ്ടായിരുന്ന 10 മുട്ടകൾ ചാവർകോട് സുരേഷ് സ്വന്തം വീട്ടിൽ കൊണ്ടുപോയി വിരിയിച്ചെന്നും വനംവകുപ്പിന് വിവരം ലഭിച്ചു. എന്നാല്‍ ഇവ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെ കണ്ടെത്താൻ വീട്ടിൽ നടത്തിയ പരിശോധനയിൽ സാധിച്ചില്ല. എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുറന്നുവിട്ടോ എന്നൊക്കെ വരും ദിവസങ്ങളിലെ തെളിവെടുപ്പിനു ശേഷമേ വ്യക്തമാകൂ. ഉത്ര കൊലക്കേസിലെ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും ഇന്നലെയാണ് പുനലൂര്‍ കോടതി ഏഴു ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം കേസ് അന്വേഷണത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക‌് വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കാൻ ധാരണയായി. കഴിഞ്ഞ ദിവസം ഡിജിപിയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും തമ്മിൽ ഫോണിലൂടെ നടന്ന ചർച്ചയിലാണ് തീരുമാനം. കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയാറാക്കാനാണ് വിദഗ്ധനെ നിയോഗിക്കുക. വിഷയത്തിൽ അറിവും ദീർഘമായ പരിചയവുമുള്ള രണ്ട് പേരുടെ വിവരങ്ങൾ വനം വകുപ്പ് പൊലീസിന് നൽകി. ഇവരിൽ ഒരാൾ വൈകാതെ പഠനം നടത്തും. പാമ്പിനെകൊണ്ട് കടിപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്തുകയാണ് ഇതിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

ഇക്കഴിഞ്ഞ മെയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽവെച്ച് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയാണ് വഴിത്തിരിവായത്. വൈകാതെ പ്രത്യേക അന്വേഷണസംഘം ഉത്രയുടെ ഭർത്താവ് സൂരജിനെ അറസ്റ്റുചെയ്തു. സൂരജിനെ കൂടാതെ പാമ്പുപിടുത്തക്കാരൻ ചാവർകോട് സുരേഷ്, സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here