gnn24x7

ലുഹാൻസ്ക് സ്കൂളിൽ റഷ്യ ബോംബിട്ടു; 60 മരണം

0
357
gnn24x7

കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു. കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി.

മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 182 പേരെ ഒഴിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെസിമെൻ മേഖലയിലെത്തിച്ചതായി റഷ്യൻ അനുകൂല സംഘങ്ങൾ അവകാശപ്പെട്ടു. ഇവരിൽ യുക്രെയ്ൻ സർക്കാരിന്റെ കീഴിലുള്ള മേഖലകളിലേക്കു പോകേണ്ടവരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാദൗത്യ സംഘങ്ങൾക്കു കൈമാറി. ഉരുക്കു ഫാക്ടറിയിൽനിന്ന് 300 പേരെ ഒഴിപ്പിച്ചെന്നും ഇനി ശേഷിക്കുന്നത് സൈനികരും ആരോഗ്യപ്രവർത്തകരുമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

ഒഡേസയിൽ യുക്രെയ്ൻ നാവികസേനയുടെ കപ്പൽ മിസൈലാക്രമണത്തിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിന്റെ 4 യുദ്ധവിമാനങ്ങളും 4 ഹെലികോപ്റ്ററുകളും കൂടി തകർത്തിട്ടുണ്ട്. ഡൊനെട്സ്കിലും ലുഹാൻസ്കിലും റഷ്യയുടെ 19 ടാങ്കുകളും 20 സൈനികവാഹനങ്ങളും തകർത്തതായി യുക്രെയ്നും അവകാശപ്പെട്ടു. ഇതിനിടെ 130 കോടി പൗണ്ടിന്റെ സൈനിക സഹായം കൂടി ബ്രിട്ടൻ പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here