gnn24x7

വാളയാര്‍ കേസ്; വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

0
224
gnn24x7

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വലിയ മധു, കുട്ടി മധു, പ്രദീപ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. മൂന്നു പേരെയും പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കി.

വിചാരണക്കോടതി വെറുതെ വിട്ട ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതികള്‍ രാജ്യം വിടാന്‍ പോലും സാധ്യതയുണ്ട് എന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയോ ജാമ്യത്തില്‍ വിടുകയോ വേണമെന്ന് നിര്‍ദേശിച്ചത്. വിചാരണ കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.

ആറ് കേസുകളായി നാല് പ്രതികളുടെ വിചാരണയായിരുന്നു പാലക്കാട് പോക്‌സോ കോടതിയില്‍ നടന്നത്. രണ്ട് വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2019 ഓക്ടോബര്‍ അഞ്ചിന് തെളിവുകളുടെ അഭാവത്തില്‍ പ്രദീപ്, എം മധു, വി, മധു, ഷിബു എന്നിവരെ കോടതി കുറ്റമുക്തരാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതി മരവിപ്പിച്ചിരിക്കുകയാണ്. ഇയാള്‍  ജാമ്യത്തിലായതിനാല്‍ അറസ്റ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാരും, കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ വേനലവധി കഴിഞ്ഞ് മെയ് 25 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here