gnn24x7

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം; പത്തുപേരെ ചുട്ടുകൊന്നു

0
487
gnn24x7

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അഗ്നിക്കിരയായ ഒരു വീട്ടില്‍നിന്ന് മാത്രം ഏഴുപേരുടെ മൃതദേഹങ്ങളാണ് അഗ്നിരക്ഷാസേന കണ്ടെടുത്തത്. പ്രദേശത്തെ പന്ത്രണ്ടോളം വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബര്‍ഷാല്‍ ഗ്രാമത്തിലെ തൃണമൂല്‍ നേതാവും ബോഗ്ത്തൂയിലെ താമസക്കാരനുമായ ബാദു ഷെയ്ഖ് തിങ്കളാഴ്ചയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ബാദു ഷെയ്ഖിന് നേരേ ആക്രമണം നടത്തിയത്. തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മേഖലയില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. ഗ്രാമത്തിലെ നിരവധി വീടുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇതിനുപിന്നാലെയാണ് പന്ത്രണ്ടോളം വീടുകള്‍ക്ക് തീവെച്ചത്. താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് വീടുകള്‍ക്ക് തീകൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയെ പ്രദേശത്ത് തടയുകയും ചെയ്തു. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് സംഭവസ്ഥലത്ത് എത്താനായത്. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് നേതാവിന്റെ കൊലപാതകത്തിലേക്കും തീവെപ്പിലേക്കും നയിച്ചതെന്നാണ് വിവരം. അതേസമയം, ബീര്‍ഭൂമിലെ അക്രമസംഭവങ്ങള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഇതിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ബാദു ഷെയ്ഖ് ഗ്രാമത്തിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ കൊലപാതകം നാട്ടുകാരെ രോഷകുലരാക്കിയെന്നും ഇതാണ് അക്രമങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി തീപ്പിടിത്തമുണ്ടായപ്പോള്‍ തന്നെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെന്നും ഗ്രാമത്തിലെ വീടുകള്‍ കത്തിനശിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണെന്നായിരുന്നു തൃണമൂല്‍ ജില്ലാ പ്രസിഡന്റായ അനുഭാത്ര മൊണ്ഡാലിന്റെ പ്രതികരണം. പ്രദേശത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വീടുകള്‍ക്ക് തീപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിര്‍ഭൂം ജില്ലയിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ പ്രത്യേക സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബിര്‍ഭൂം രാംപുരഹാത് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസറെയും എസ്.ഡി.പി.ഒ.യെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here