ബംഗളൂരു: താൻ വരുത്തി വച്ച കടബാധ്യത കുടുംബത്തിന് മാനഹാനിയുണ്ടാക്കുമെന്ന ഭയത്തിൽ കുടുംബത്തെ ഇല്ലാതാക്കാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ അമൃത എന്ന 33 കാരിയാണ് കടബാധ്യത മൂലമുള്ള നാണക്കേട് ഭയന്ന് കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത്. യുവതിയുടെ ആക്രമണത്തിൽ അമ്മ നിര്‍മല (54) കൊല്ലപ്പെട്ടു. കഴുത്തിന് കുത്തേറ്റ സഹോദരൻ ഹരീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായാറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ഇവിടെ ഒരു വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഹൈദരാബാദിൽ തനിക്ക് പുതിയൊരു ജോലി ലഭിച്ചിട്ടുണ്ടെന്നും അവിടേക്ക് മാറുന്നതിന് മുമ്പ് നഗരം ചുറ്റാമെന്നും അമ്മയെയും സഹോദരനെയും അമൃത അറിയിച്ചിരുന്നു. ഈ യാത്രക്കായി ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നതായി പറയപ്പെടുന്നു. ഞായറാഴ്ച പുലർച്ചയോടെ ഇവർ സാധനങ്ങളൊക്കെ പെട്ടിയിലാക്കുന്നത് കണ്ട് സഹോദരൻ കാര്യം തിരക്കിയപ്പോൾ പോകാനുള്ള തയ്യാറെടുപ്പാണെന്നായിരുന്നു മറുപടി.
അല്പ സമയം കഴിഞ്ഞ് സഹോദരന്റെ മുറിയിലെത്തിയ അമൃത കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് സഹോദരന്റെ അടുത്തെത്തിയത്. തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് സഹോദരൻ തന്നെ ചോദിച്ചപ്പോഴാണ് കടബാധ്യതയുടെ കാര്യം അമൃത വെളിപ്പെടുത്തിയത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ അമൃത കടം വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് ഇവർ നിരന്തരം യുവതിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. താൻ വരുത്തിയ കടബാധ്യത കുടുംബത്തിന് നാണക്കേടായേക്കാമെന്ന ഭയമാണ് ക്രൂരകൃത്യം ചെയ്യാൻ അമൃതയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.