gnn24x7

“സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ല”, ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി; ഡെങ്കിപ്പനി മൂര്‍ച്ഛിച്ച പതിനൊന്ന് വയസ്സുകാരി ചികിത്സ ലഭിക്കാതെ മരണപ്പെട്ടു

0
344
gnn24x7

ലഖ്‌നൗ: സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി വാഹനം തടഞ്ഞത്. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

നികിത കുശ്‌വാഹ എന്ന സ്ത്രീയാണ് ഡിവിഷണല്‍ കമ്മീഷണറായ അമിത് ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ നിന്ന് സഹോദരിക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നില്‍ റോഡില്‍ കിടന്ന് അലമുറയിടുന്നത് വീഡിയോയില്‍ കാണാം. ‘എന്തെങ്കിലും ചെയ്യൂ സാര്‍, അല്ലെങ്കില്‍ അവള്‍ മരിച്ചുപോകും. അവള്‍ക്ക് ചികിത്സ നല്‍കൂ’ എന്ന് യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹോദരിക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നുമാണ് യുവതി പറയുന്നത്. പോലീസ് അവരെ തടയാനും വഴിയില്‍ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ യുവതിയുടെ അഭ്യര്‍ഥന ഫലം കാണുന്നതിന് മുന്‍പ് ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരിയായ സഹോദരി മരണപ്പെട്ടുവെന്ന വിവരം പുറത്തുവന്നു. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ പിഴവാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നുമാണ് നികിത ആരോപിക്കുന്നത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here