gnn24x7

കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യമേത്? ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്

0
251
gnn24x7

മക്കളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യം ഏതായിരിക്കും? ഏറ്റവും സൗകര്യങ്ങളുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളായിരിക്കും നിങ്ങളുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ ഒന്നാം സ്ഥാനം അമേരിക്കക്കല്ല. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് ഇതേക്കുറിച്ച് നടത്തിയ പഠനത്തില്‍ മുന്നിലെത്തിയത്. കാനഡ നാലാം സ്ഥാനവും നേടി. പട്ടികയിലുള്ള 73 രാജ്യങ്ങളില്‍ ഇന്ത്യക്ക് ലഭിച്ചത് 59ാം സ്ഥാനമാണ്. ഇക്കാര്യത്തില്‍ ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനം ഏറ്റവും പിന്‍നിരയിലാണ്.

യു.എസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ടും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂളും ചേര്‍ന്ന് 2016 മുതല്‍ എല്ലാ വര്‍ഷവും നടത്തുന്ന പഠനത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലിംഗസമത്വം, ഗ്രീന്‍ ലിവിംഗ്, കുടുംബ സൗഹൃദമായ നിയമങ്ങള്‍, മനുഷ്യാവകാശം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും മികച്ച രാജ്യം ഏതാണെന്ന് കണ്ടെത്തിയത്.

ഡെന്മാര്‍ക്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ലിയ രാജ്യങ്ങളായ യുഎസും യു.കെയും പോലും റാങ്കിംഗില്‍ പിന്നിലേക്കുപോയി. യു.എസിന് ലഭിച്ചത് 18ാം റാങ്ക് മാത്രമാണ്. ആദ്യ 10ല്‍ ഇടം നേടാനാകാത്ത യു.കെയ്ക്ക് 11ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കാനഡയ്ക്ക് നാലാം സ്ഥാനമാണ്. നെതര്‍ലന്റ്, ഫിന്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ന്യൂസീലന്റ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് അഞ്ചു മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടിയത്.

എന്താണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്മാര്‍ക്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളെ മുന്നിലെത്തിച്ചത്? മികച്ച പൊതു വിദ്യാഭ്യാസ സംവിധാനം, ഉദാരമായ പെറ്റേണിറ്റി, മെറ്റേണിറ്റി അവധികള്‍, സൗജന്യ പ്രീസ്‌കൂളിംഗ് തുടങ്ങിയവയാണ് ഈ രാജ്യങ്ങളെ കുട്ടികളെ വളര്‍ത്താന്‍ മികച്ചയിടങ്ങളാക്കുന്നത്.

ഇനി കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും മോശം രാജ്യങ്ങള്‍ ഏതാണെന്ന് അറിയേണ്ടേ? 10 രാജ്യങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
1. കസാക്കിസ്ഥാന്‍
2. ലെബനന്‍
3. ഗ്വാട്ടിമാല
4. മ്യാന്‍മാര്‍
5. ഒമാന്‍
6. ജോര്‍ദ്ദാന്‍
7. സൗദി അറേബ്യ
8. അസര്‍ബൈജാന്‍
9. ടുണീഷ്യ
10. വിയറ്റ്‌നാം

രാജ്യാന്തരതലത്തില്‍ ബൃഹത്തായി നടന്ന ഒരു പഠനമായിരുന്നു ഇത്. 73 രാജ്യങ്ങളിലായി നടന്ന പഠനത്തില്‍ 20,000 പേരുടെ ഇടയില്‍ സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here