gnn24x7

ഇവിടെ പോകുമ്പോള്‍ സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?

0
276
gnn24x7

1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ ഏറ്റവും മുന്നിലെത്തി
2.അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍
3 ആഡംബര കാറുകളുടെ ചെലവില്‍ സിംഗപ്പൂര്‍ മുന്നില്‍

ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഏഷ്യന്‍ നഗരങ്ങള്‍ക്ക്. ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങളാണ് ഏറ്റവും ചെലവേറിയ നഗരങ്ങള്‍. ആഗോള ആഡംബര വിപണി നിയന്ത്രിക്കുന്നത് ഈ ഏഷ്യന്‍ നഗരങ്ങളിലെ ഉയര്‍ന്നുവരുന്ന സമ്പന്ന വിഭാഗമാണെന്ന് പുതിയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജൂലിയസ് ബെയര്‍ ഗ്രൂപ്പ് ലിമിറ്റഡ് നടത്തിയ ഗ്ലോബല്‍ വെല്‍ത്ത് & ലൈഫ്‌സ്റ്റൈല്‍ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആഡംബര ഉല്‍പ്പന്നങ്ങള്‍, അത്യാഡംബര വസതികള്‍, പ്രീമിയം കാറുകള്‍ എന്നിവയടങ്ങുന്ന ആഡംബരജീവിതശൈലി പിന്തുടരാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയ എന്നിവയാണത്രെ.

അത്യാഡംബര ഭവനങ്ങളുടെ മാത്രം കാര്യത്തില്‍ ഏറ്റവും ചെലവേറിയ നഗരം മൊണാക്കോയാണ്. ഹോങ്കോംഗ്, ലണ്ടന്‍, ടോക്കിയോ, സിംഗപ്പൂര്‍, ഷാങ്ഹായ് എന്നീ നഗരങ്ങള്‍ക്കാണ് രണ്ട് മുതല്‍ ഏഴ് വരെ സ്ഥാനങ്ങള്‍.

ആഡംബര കാറുകളുടെ കാര്യത്തില്‍ 10 ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ എട്ടെണ്ണം ഏഷ്യയിലാണ്. സിംഗപ്പൂര്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയാണ് ആദ്യത്തെ മൂന്ന് റാങ്കിലുള്ള നഗരങ്ങള്‍.

ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരം ന്യൂയോര്‍ക്ക് ആണ്. റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇവിടത്തെ ജീവിതച്ചെലവ് താങ്ങാനാകാത്തതാണ്.

സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കായ ജൂലിയസ് ബെയര്‍ ലോകത്തിലെ 28 പ്രധാന നഗരങ്ങളിലാണ് പഠനം നടത്തിയത്. ഇതില്‍ ഏഷ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ നഗരങ്ങളും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും ഉള്‍പ്പെടുന്നു. ആഡംബര വീടുകള്‍, കാറുകള്‍, ജൂവല്‍റി, വാച്ചുകള്‍. വിസ്‌കി, ഡൈനിംഗ്, ബിസിനസ് ഫ്‌ളൈറ്റ്‌സ് തുടങ്ങി 20ഓളം ആഡംബര ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here