gnn24x7

മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച് പബ്ജി

0
201
gnn24x7

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭമുണ്ടാക്കിയപ്പോള്‍ ബഹുദൂരം മുന്നിലാണ് പബ്ജി മൊബൈല്‍ മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചു പബ്ജി. ഗെയിമിംഗ് കമ്പനിയായ ടെന്‍സെറ്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം 1700 കോടിയില്‍ പരം രൂപയുടെ വരുമാനമേകി.

ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ്  ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്. മെയ് 2019 -ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ പബ്ജി മൊബൈല്‍ രേഖപ്പെടുത്തിയിട്ടുള്ളത് 41 ശതമാനം വളര്‍ച്ചയാണ്. മെയിലെ വരുമാനത്തിന്റെ പകുതിയില്‍ അധികം 53 ശതമാനം വന്നിരിക്കുന്നത് ചൈനയില്‍ നിന്നാണ്. 10.2 ശതമാനം അമേരിക്കയില്‍ നിന്നും, അഞ്ചു ശതമാനം സൗദിയില്‍ നിന്നും വന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതും ടെന്‍സെറ്റിന്റെ തന്നെ ‘ഓണര്‍ ഓഫ് ദ കിങ്‌സ്’ എന്ന മറ്റൊരു ഗെയിം ആണ്.

മൊബൈല്‍ ആപ്പ് സ്റ്റോര്‍ മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിലാണ് ഈ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. ലോക്ഡൗണ്‍ ലോകമെമ്പാടും നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളില്‍ തന്നെ തളച്ചിടപ്പെട്ട മെയ് മാസത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തുമെന്നത് ഉറപ്പായിരുന്നുവെങ്കിലും പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടിയ വന്‍ ആദായമാണ് മിക്കവാറും എല്ലാ കമ്പനികള്‍ക്കും ഉണ്ടായിട്ടുള്ളത്.

പബ്ജി മൊബൈല്‍ എന്ന ഗെയിം സാധാരണ ഗതിക്ക് സൗജന്യമായി കളിക്കാന്‍ പറ്റുന്നതാണ്. എങ്കിലും, ആ ഗെയിമിംഗ് ആപ്ലിക്കേഷനില്‍ പണം നല്‍കി വാങ്ങേണ്ട ഫീച്ചറുകളുമുണ്ട്. ഇതാണ് കമ്പനിക്കു ശതകോടികള്‍ സമ്മാനിച്ചത്. ഇതിനു പുറമെ ടൂര്‍ണ്ണമെന്റുകളും, പരസ്യങ്ങളും വഴി വേറെയും വരുമാനമെത്തുന്നുണ്ട്. ടെന്‍സെറ്റിന്റെ പബ്ജി മൊബൈല്‍, ഓണര്‍ ഓഫ് ദ കിങ്‌സ് എന്നിവ ചേര്‍ന്നു കുതിച്ചപ്പോള്‍ പോക്കിമോന്‍ ഉള്‍പ്പെടെയുള്ള പഴയ കുതിരകള്‍ തീര്‍ത്തും പിന്നിലായിപ്പോയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here