gnn24x7

ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ട്

0
186
gnn24x7

റോം: ഫൈവ് സ്റ്റാർ ആന്റി  കോവിഡ് അവാർഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് എന്ന പദവി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിന് ലഭിച്ചു. രാജ്യാന്തര എയർപോർട്ട് സെക്ടറിലെ പ്രിസിപ്പൽ റേറ്റിങ് ആൻഡ് അസസ്മെൻ്റ് കമ്പനിയായ സ്കൈട്രാക്സിന്റെ റേറ്റിങ്ങിലാണ് ഫ്യുമിച്ചിനോ എയർപോർട്ടിന് ലോകോത്തര പദവി ലഭിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ വാർഷിക റാങ്കിങ്ങിന് സ്കൈട്രാക്സ് റേറ്റിങ് പേരുകേട്ടതാണ്. കൊറോണ വൈറസ് പ്രതിസന്ധികാലത്ത് എയർപോർട്ടുകളിലെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകിയാണ് ഇത്തവണ തിരഞ്ഞെടുപ്പു നടത്തിയതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

എയർപോർട്ടിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമതാപരിശോധന, വിഷ്വൽ നിരീക്ഷണ വിശകലനം, പരിശോധന തുടങ്ങിയവയുടെ വിദഗ്ധമായ സംയോജനമാണ് ഫ്യുമിച്ചിനോയെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നും സ്കൈട്രാക്സ് അധികൃതർ വെളിപ്പെടുത്തി.

വായിക്കാൻ എളുപ്പമുള്ള രീതിയിൽ വിവിധ ഭാഷകളിൽ തയാറാക്കിയിട്ടുള്ള ഡിസ്പ്ലേ സിസ്റ്റം, യാത്രക്കാർക്ക് മാസ്ക് കർശനമാക്കുന്നതിൽ കാണിക്കുന്ന ഉത്തരവാദിത്തം, എയർപോർട്ടിലെ ശുചീകരണ തൊഴിലാളികളുടെ കാര്യക്ഷമത എന്നിവയും റേറ്റിങ് പരിഗണനയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവെന്ന് കമ്പനി പറഞ്ഞു.

കോവിഡ് – 19 വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് എയർപോർട്സ് കൗൺസിൽ ഇൻ്റർനാഷണലിന്റെ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ച യുറോപ്യൻ യൂണിയനിലെ ആദ്യത്തെ വിമാനത്താവളമെന്ന പദവിയും അടുത്തിടെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിനെ തേടിയെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here