gnn24x7

മലയാള സിനിമാ വ്യവസായം ഇരട്ട നികുതിയുടെ ഭീഷണിയിൽ

0
753
gnn24x7

കൊച്ചി: മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയിൽ. സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യത്തിന്റെ കടന്നു വരവ്. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ വിനോദ നികുതി നിലനിൽക്കുകയാണ്. ഫലത്തിൽ, ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും നൽകേണ്ട സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രിൽ 1 മുതൽ ഈ മാസം 31 വരെയാണു സർക്കാർ വിനോദ നികുതി ഇളവു നൽകിയത്.

നിലവിൽ വിനോദ നികുതി കൂടി ചേർത്ത തുകയിലാണു ജിഎസ്ടി കണക്കാക്കുന്നത്. ജിഎസ്ടി നടപ്പാക്കിയപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ചുമത്തുന്ന വിനോദ നികുതി അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ പഴുത് ഉപയോഗിച്ചാണു സംസ്ഥാന സർക്കാർ സിനിമ ടിക്കറ്റിനു വിനോദ നികുതി ഈടാക്കാൻ അനുമതി നൽകിയത്. രാജ്യത്തു കേരളവും തമിഴ്നാടും മാത്രമാണു വിനോദ നികുതി ഈടാക്കുന്നത്.

100 രൂപ ടിക്കറ്റിൽ 3.98 രൂപയും 110 രൂപ ടിക്കറ്റിൽ 4.40 രൂപയും 120 രൂപ ടിക്കറ്റിൽ 4.56 രൂപയുമാണു വിനോദ നികുതി. ജിഎസ്ടി യഥാക്രമം 10.62 രൂപ, 11.68 രൂപ, 18.15 രൂപ വീതവും. രാജ്യത്ത് ഒരു ഉൽപന്നത്തിനും ഇരട്ട നികുതി പാടില്ലെന്നിരിക്കെയാണു സിനിമ ടിക്കറ്റിന് ഇരട്ട നികുതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here