തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാൻ ആരംഭിച്ച ‘അതിജീവനം എംപീസ് എഡ്യുകെയർ’ പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും. പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയിൽ താരം പങ്കാളിയായ വിവരം ടിഎൻ പ്രതാപൻ എംപിയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ചലച്ചിത്ര താരം ടോവിനോ തോമസും നേരത്തെ പദ്ധതിക്ക് പിന്തുണ അറിയിച്ചിരുന്നു. 10 ടാബ്ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് ടോവിനോ ഉറപ്പു നൽകിയ വിവരവും എംപി തന്നെയാണ് പുറത്ത് വിട്ടത്.
ഡിവൈഎഫ്ഐയുടെ ടിവി ചാലഞ്ചിലും മഞ്ജു വാര്യർ പങ്കാളിയായിരുന്നു. നിർധനരായ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കാൻ ‘ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ. ടിവി വാങ്ങി നൽകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യുക’ എന്ന അഭ്യർഥനയുമായി സംഘടന ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. അഞ്ച് ടിവികൾ സംഭാവന നൽകിയാണ് മഞ്ജു ഈ പദ്ധതിയുടെ ഭാഗമായത്.




































