നിർമ്മാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ഷെയ്ൻ നിഗവും നിർമ്മാതാക്കളും. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമ്മാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഷെയിൻ ഉറച്ച് നിൽക്കുകയാണ്. ഉല്ലാസം ഡബ് ചെയ്തില്ലെങ്കിൽ ‘അമ്മ’യും ചർച്ചയിൽ നിന്ന് പിൻവാങ്ങിയേക്കും.
ഉല്ലാസം ഡബ് ചെയ്യാൻ ഷെയിനിന് നിർമ്മാതാക്കൾ നൽകിയ സമയപരിധി നാളെ അവസാനിക്കുകയാണ്. ഇതു വരെയും ഷെയ്ൻ ഈ സിനിമയുടെ പ്രവർത്തകരെ ബന്ധപ്പെട്ടിട്ടില്ല. ഡബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുമില്ല.
ഉല്ലാസം സിനിമ ഡബ് ചെയ്യാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. ഇക്കാര്യം താരസംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. സിനിമയുടെ കരാർ പ്രകാരമുള്ള 25 ലക്ഷം രൂപയും നിർമ്മാതാവ് നൽകി കഴിഞ്ഞു. കരാറിൽ പറയാത്ത തുക നൽകാനാവില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.
ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത സാഹചര്യത്തിൽ ചർച്ചകൾക്ക് അർത്ഥമില്ലെന്നാണ് അമ്മ ഭാരവാഹികൾ കരുതുന്നത്. 9ന് താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ടെങ്കിലും ഈ വിഷയം മുഖ്യ അജണ്ടയല്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. തുടർ ചർച്ചകളിൽ നിന്ന് തൽക്കാലം വിട്ടു നിൽക്കുന്ന കാര്യവും ‘അമ്മ’ ആലോചിക്കുന്നുണ്ട്.