കൊച്ചി: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക.
25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജ്റ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫാണ്. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ.സുഷിന്‍ ശ്യാം സംഗീതം. അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു.