gnn24x7

കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
265
gnn24x7

മുബൈ: കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന ആലിയ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംവിധായകന്‍ സജ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തു വന്ന രണ്ടു പോസ്റ്ററുകളില്‍ യൗവനകാലത്തുള്ള ഗംഗുബായി പിന്നീട് മാഫിയ ക്യൂന്‍ ആയി മാറുന്ന ഗംഗുബായി എന്നിങ്ങനെ രണ്ടു ഗെറ്റപ്പുകളിലായാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. ആലിയ ഭട്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനായി ആലിയ നേരത്തെ മറാത്തി ഭാഷ പഠിച്ചിരുന്നു.

ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും 1960 കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തെത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. നിരവധി വേശ്യലായങ്ങളുടെ ഉടമയായിരുന്ന ഇവര്‍ ലൈംഗികത്തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ ചതിയില്‍ അകപ്പെട്ട് കാമാത്തിപുരയിലെത്തെത്തുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും നല്‍കിയിരുന്നു.

കാമാത്തിപുരയിലെ ലൈംഗിത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു വേണ്ടി അഹോരാത്രം ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇവര്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇവര്‍ക്ക് അക്കാലങ്ങളില്‍ മുംബൈയിലെ അധോലോകവുമായി ബന്ധമുണ്ടായിരുന്നു. മുംബൈയിലെ ലഹരിമാഫിയയുടെ കണ്ണിയായും ഇവര്‍ പ്രവര്‍ത്തിച്ചു.

ഗംഗുബായുടെ ജീവിതത്തെ പറ്റി വലിയ തരത്തിലുള്ള വിവരങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. മുംബൈയിലെ അധോലോകത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെ പറ്റി മാധ്യമപ്രവര്‍ത്തകന്‍ എസ്. ഹുസൈന്‍ സെയ്ദി എഴുതിയ ‘മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തില്‍ ഇവരെ പറ്റി പരാമര്‍ശിച്ചിരുന്നു. ഈ പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിക്കുന്നതും.  സെപ്റ്റംബര്‍ 11നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here