ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാനാക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മരണ വാറണ്ടിനെതിരെ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്കോടതിയെ സമീപിക്കുമെന്നും രണ്ടാഴ്ച സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയതിന് പിന്നാലെയാണ് മുകേഷ് സി൦ഗ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മുകേഷ് സിംഗിന്‍റെ ഈ ഹര്‍ജിയില്‍ തീരുമാനം വരണമെന്നും പതിനാല് ദിവസത്തെ നോട്ടീസ് നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓരോ പ്രതികളും വെവ്വേറെ ദയാഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് നിരാശജനകമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നും നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നലകണമെന്നും മുകേഷ് സിംഗിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ വൈകിയതെന്ത് എന്ന് കോടതി ആരഞ്ഞു.
കൂടാതെ, ഈ നിയമവ്യവസ്ഥിതിയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോടതി വിമര്‍ശിച്ചു. ജനുവരി 22ന് 7 മണിക്ക് ഇവരെ തൂക്കിലേറ്റണമെന്ന് വിധിച്ച് ഡല്‍ഹി പട്യാല കോടതി ജനുവരി ഏഴിനാണ് വിധി പുറപ്പെടുവിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റാന്‍ തീരുമാനിച്ചത്. കേസില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം മുന്നില്‍ക്കണ്ട് നിര്‍ഭയയുടെ അമ്മ ഡല്‍ഹി പട്യാല കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പ്രതികളുടെ വധ ശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്. ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു.
മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക.നാലുപ്രതികളെയും അതീവ സുരക്ഷാസെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ രണ്ടുപേർ നൽകിയ തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.