കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തും.2020 മാര്‍ച്ച് 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ദൃശ്യവിരുന്നു ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരു ചിത്രത്തോടെ മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.
വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.