ചെന്നൈ: തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരമെന്നാണ് റിപ്പോര്‍ട്ട്.
സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.