പ്രേക്ഷകര്‍ റിലീസിംഗിനായി കാത്തിരിക്കുന്ന പുതിയ മലയാള ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ചിത്രത്തിന്റെ 17 മിനിറ്റോളം വരുന്ന ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സി.ബി.എഫ്.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍) സിനിമ കണ്ട ശേഷം പറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും ഒരു ഭാഗം പോലും കട്ട് ചെയ്‌തൊഴിവാക്കാനാവില്ലെന്ന് സംവിധായകനായ അന്‍വര്‍ റഷീദ് പറഞ്ഞതിനെ തുടര്‍ന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയായിരുന്നു.
മുംബൈയിലുള്ള റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഒരു സീന്‍ പോലും കട്ട് ചെയ്‌തൊഴിവാക്കാതെയാണ് റിവൈസിംഗ് കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അതേസമയം സിനിമയുടെ റിലീസിംഗ് തീയ്യതി ഫെബ്രുവരി 20ലേക്ക് നീട്ടിയിട്ടുണ്ട്. വാലെന്റൈന്‍സ് ഡേയായ ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
സിനിമയ്ക്ക് യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും എല്ലാവരെയും ഫെബ്രുവരി 20ന് കാണാമെന്നും ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സിനിമയ്ക്ക് സെന്‍സര്‍ക്കട്ടില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിനു പുറമെ നസ്രിയ നസീം, വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു.
മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. വലിയൊരു വിഷയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ട്രാന്‍സിലൂടെയെന്നും ഫഹദ് പറഞ്ഞു.