gnn24x7

മിന്‍സാര കണ്ണായുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്ന് ആരോപണം; പാരസൈറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തേനപ്പന്‍

0
265
gnn24x7

ചെന്നൈ: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തമിഴ് ചിത്രം ‘മിന്‍സാര കണ്ണാ’യുടെ നിര്‍മാതാവ് പി.എല്‍. തേനപ്പന്‍. 1999 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മിന്‍സാര കണ്ണായുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്നാണ് പി.എല്‍ തേനപ്പന്റെ ആരോപണം.

‘ദി ന്യൂസ് മിനിറ്റി’ന് നല്‍കിയ അഭിമുഖത്തിലാണ് പി.എല്‍ തേനപ്പന്‍ കോടതിയെ സമീപിക്കുമെന്നറിയച്ചത്.

“എന്റെ സിനിമയുടെ കഥാ തന്തുവാണ് അവര്‍ എടുത്തത്. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണെങ്കില്‍ അവര്‍ കേസ് ഫയല്‍ ചെയ്യും. അങ്ങനെ തന്നെ തിരിച്ചും ചെയ്യണം,” പി.എല്‍ തേനപ്പന്‍ പറഞ്ഞു.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അന്താരാഷ്ട്ര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.
എന്നാല്‍ പാരസൈറ്റും മിന്‍സാര കണ്ണയും തമ്മില്‍ സാമ്യമുള്ളതില്‍ സന്തോഷമുണ്ടെന്നാണ് മിന്‍സാര കണ്ണയുടെ സംവിധായകന്‍ കെ.എസ് രവികുമാര്‍ പറയുന്നത്.

“ഒരു പ്രചോദനമാണെങ്കിലും എന്റെ കഥയ്ക്ക് ഓസ്‌കാര്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ കേസ് ഫയല്‍ ചെയ്യുന്നത് പ്രൊഡ്യൂസറുടെ കാര്യമാണ്,” കെ.എസ് രവികുമാര്‍ പറഞ്ഞു. 62-ാം ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ പാരസൈറ്റിനു പുരസ്‌കാരം കിട്ടിയതു മുതല്‍ ചിത്രവും മിന്‍സാര കണ്ണയും തമ്മില്‍ സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നിരുന്നു.

വിജയ്, രംഭ, ഖുശ്ബു, മോണിക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മിന്‍സാര കണ്ണ സമ്പന്നയായ നായികയുടെ വീട്ടിലേക്ക് നായകന്റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതാണ് പ്രമേയം.
നിര്‍ധനരായ കുടുംബം സമ്പന്ന വീട്ടില്‍ ജോലിക്കാരായി കയറിപറ്റുന്നതാണ് പാരസൈറ്റിലെ പ്രമേയം.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശഭാഷാ ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്.

ബോങ് ജൂ ഹോ ആണ് പാരസൈറ്റിന്റെ സംവിധായകന്‍. ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്‍രെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്‌സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here