ഷെയ്ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡന്‍റ് മോഹൻലാലിന്‍റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. ഒത്തു തീർപ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും അവർ അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബിംഗ് പൂർത്തിയാക്കാതെ ഷെയ്‌ൻ നിഗവുമായി ചർച്ചക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചു.
യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരമായെന്ന് ചലച്ചിത്ര താരവും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.താര സംഘടനയായ എഎംഎംഎയുടെ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായെന്ന് മോഹൻലാൽ അറിയിച്ചത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കാമെന്നും കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കാമെന്നും ഷെയ്ന്‍ സമ്മതിച്ചതായി മോഹൻലാൽ അറിയിച്ചു.
ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുമെന്നും പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം എഎംഎംഎ ഏറ്റെടുത്തു എന്ന് നടൻ ബാബുരാജ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു സമവായ ചർച്ചയാവും താരസംഘടനയുടെ ലക്ഷ്യം. നേരത്തെ ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ട് എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്ത്‌വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു.
5 ലക്ഷം രൂപ കരാർ ഉറപ്പിച്ച് ആരംഭിച്ച ഉല്ലാസം ഡബ്ബ് ചെയ്യാനായി 20 ലക്ഷം രൂപ കൂടി ഷെയ്ൻ അധികം ആവശ്യപ്പെട്ടതാണ് വിവാദമായത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്.