gnn24x7

യേശുദാസ് @80; ഒഴുക്കിനെതിരെയും ഒഴുക്കിനൊപ്പവും

0
263
gnn24x7

കെ.ജെ യേശുദാസ് എന്ന ഗായകനെക്കുറിച്ച് ഇനിയും എന്തെങ്കിലും എഴുതേണ്ടതും പറയേണ്ടതുമുണ്ടെന്ന് തോന്നുന്നില്ല. 80-ാം വയസിലേക്കെത്തുന്ന ഗാനഗന്ധര്‍വന്റെ പാട്ടുകളും സംഗീതസപര്യയും മലയാളിക്ക് ചിരപരിചിതമാണ്. എന്നാല്‍ യേശുദാസിന്റെ പാട്ടുകള്‍ പോലെ അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തുകളും മലയാളിയ്ക്ക് പ്രിയങ്കരമാണ് എന്ന സ്വാര്‍ത്ഥ ചിന്ത തന്നെയാണ് ഈ എഴുത്തിനെ നയിക്കുന്നത്.

കെ.ജെ യേശുദാസ് എന്ന ദാസേട്ടന്‍ ഒരു ശരാശരി മലയാളിയുടെ സംഗീതാവബോധത്തിന്റെ പേരാണ്. സംഗീതത്തിനപ്പുറത്തുള്ള അദ്ദേഹത്തിന്റെ നിലപാടുകളില്‍ വിയോജിപ്പുള്ളവര്‍പോലും യേശുദാസ് എന്ന ഗായകന്റെ ഒരു പാട്ടെങ്കിലും ഇഷ്ടപ്പെടുന്നവരാകും.

ആ ഇഷ്ടം തന്നെയാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടായി സംഗീതാസ്വാദകര്‍ അദ്ദേഹത്തിന് ഗന്ധര്‍വ്വപട്ടം നല്‍കി ആദരിക്കുന്നതിന് കാരണവും. യേശുദാസ് മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് കടന്നുവന്ന 1960 കളില്‍ അദ്ദേഹത്തിന്റ മുന്‍ഗാമികളായി മലയാള ചലച്ചിത്ര സംഗീത ലോകത്തുണ്ടായിരുന്ന ആരുംതന്നെ അദ്ദേഹത്തേക്കാള്‍ മോശം ഗായകരായിരുന്നില്ല.

ഉദയഭാനുവും കമുകറ പുരുഷോത്തമനും രാജയും പി.ബി ശ്രീനിവാസുമെല്ലാം യേശുദാസിന് മുന്‍പേ പാട്ടുകൊണ്ട് വിസ്മയിപ്പിച്ചവരാണ്. എന്നാല്‍ അന്നുവരെയില്ലാത്ത ഒരു ശബ്ദസൗകുമാര്യം യേശുദാസിന് ഉണ്ടായിരുന്നു. ശബ്ദം പ്രക്ഷേപണത്തിന് യോഗ്യമല്ല എന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യേശുദാസ് അതേ ശബ്ദത്തില്‍ തന്നെയാണ് സംഗീതലോകം കീഴടക്കിയതെന്നതും കാലത്തിന്റെ കാവ്യനീതിയായിരിക്കാം.

അത് തന്നെയാണ് യേശുദാസിനെ മുന്നോട്ടുള്ള യാത്രയില്‍ ഇന്നുവരെ നയിക്കുന്നത്, പിന്നെ വിട്ടുവീഴ്ചയില്ലാത്ത ചിട്ടയും പരിശീലനവും.

സംഗീതത്തിന്റെ കാര്യത്തില്‍ അന്നുമിന്നും ഒരുപോലെ നിലയുറപ്പിച്ച യേശുദാസ് പക്ഷെ നിലപാടുകളില്‍ പോകെ പോകെ യാഥാസ്ഥിതികനായി എന്ന വിമര്‍ശനത്തെ കാണാതിരുന്നുകൂടാ. രാജ്യത്തുടനീളം നിലനിന്നിരുന്ന ബ്രാഹ്മണ്യ മേധാവിത്വം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ തുടര്‍ന്നുപോന്നത് സംഗീതലോകത്തായിരിക്കാം.

നെയ്യാറ്റിന്‍കര വാസുദേവന്‍, മധുര സോമു തുടങ്ങിയ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനെ അതിജീവിക്കാന്‍ യേശുദാസിനായത് സംഗീതത്തെ മാത്രം ഉപാസിച്ചതിനാലാണ്. സംഗീതത്തെ കലര്‍പ്പില്ലാതെ സ്‌നേഹിച്ച യേശുദാസ് നിശബ്ദമായി സവര്‍ണാധിപത്യത്തെ വെല്ലുവിളിക്കുകയായിരുന്നു എന്നത് അതിശയോക്തിയില്ലാതെ പറയാം.

കാരണം ആകാശവാണിയില്‍ യേശുദാസ് തഴയപ്പെട്ടത് നേരത്തെ പറഞ്ഞുവല്ലോ. മാധ്യമപ്രവര്‍ത്തകനായിരുന്ന മാത്തുക്കുട്ടി ജെ. കുന്നപ്പള്ളിയുടെ പാട്ടിന്റെ പാലാഴി എന്ന യേശുദാസിന്റെ ജീവചരിത്രത്തില്‍ പറയുന്ന ഒരു കാര്യം കൂടി വിശദീകരിക്കാം.
‘ആകാശവാണി നടത്തിയ ദക്ഷിണമേഖലാ ശാസ്ത്രീയഗാനാലാപന മത്സരത്തില്‍ മൂന്നുവര്‍ഷം തുടരെ യേശുദാസ് പങ്കെടുത്തു. മൂന്നുവര്‍ഷവും സമ്മാനാര്‍ഹമായ ശബ്ദമൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്ന തീര്‍പ്പാണ് സംഗീതജ്ഞനായ ജി.എന്‍.സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കിയ ജഡ്ജിങ് കമ്മിറ്റി നല്‍കിയത്. നാലാംവര്‍ഷം യേശുദാസ് മാറിനിന്നപ്പോള്‍ അതേ കമ്മിറ്റി ഒരു ബ്രാഹ്മണ യുവാവിനെ സമ്മാനാര്‍ഹനായി കണ്ടെത്തുകയും ചെയ്തു’.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാപ്പിളയ്ക്കെവിടെയാടോ സംഗീതം എന്ന് അധ്യാപകരും സുഹൃത്തുക്കളും പറഞ്ഞ് കളിയാക്കിയിരുന്നു എന്ന് യേശുദാസ് തന്നെ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ തരത്തില്‍ യേശുദാസ് എന്ന ഗായകന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ നേരിട്ടത് മതപരമോ ജാതീയമോ ആയ അവഗണനകളായിരുന്നു. എന്നാല്‍ അതിനെതിരെ നീന്താന്‍ യേശുദാസ് എന്ന ഗായകന് സാധിക്കുകയും ചെയ്തു.

90 കളില്‍ ‘സലാത്തുള്ള സലാമുള്ള’ എന്ന മാപ്പിളപ്പാട്ട് കര്‍ണാട്ടിക് സംഗീതത്തില്‍ യേശുദാസ് സ്വയം ചിട്ടപ്പെടുത്തി ആലപിച്ചതും ഒരു വിപ്ലവ പ്രവര്‍ത്തനം തന്നെയായിരുന്നു. സവര്‍ണ മേധാവികള്‍ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പാടിയത് യേശുദാസ് ആണ് എന്നതിനാല്‍ ആ വിവാദത്തിനു അധികം ആയുസുണ്ടായിരുന്നില്ല.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ടി.എം കൃഷ്ണ സലാത്തുള്ള സലാമുള്ള വീണ്ടും ആലപിക്കുന്നതും ആ വിപ്ലവത്തിന്റെ തുടര്‍ച്ചയാണ്.

കരിയറിന്റെ തുടക്കകാലത്ത് തന്നെ സാമൂഹ്യമായി ഉയര്‍ന്നതലത്തില്‍ ചിന്തിക്കുന്നവരായിരുന്നു യേശുദാസിന് ചുറ്റുമുണ്ടായിരുന്നത്. സംഗീതസംവിധായകനായ എം.ബി ശ്രീനിവാസനെ കാണാന്‍ യേശുദാസിനേയും കൊണ്ട് പിതാവായ അഗസ്റ്റിന്‍ പോയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസിലേക്കായിരുന്നു.

തുടര്‍ന്ന് യേശുദാസ് ചുറ്റപ്പെട്ടിരുന്നത് വയലാര്‍, തോപ്പില്‍ഭാസി, ഒ.എന്‍. വി, ദേവരാജന്‍ മാസ്റ്റര്‍, പി. ഭാസ്‌കരന്‍ തുടങ്ങിയവരുടെ വലയത്തിലായിരുന്നു. തീര്‍ച്ചയായും യേശുദാസിലെ ഗായകനെയും മനുഷ്യസ്നേഹിയേയും മുന്നോട്ടുനയിക്കുന്നതില്‍ ഈ ഘടകത്തിനും പങ്കുണ്ടായിരിക്കും.

ഇത്തരത്തില്‍ മാറ്റത്തിന്റെ ശബ്ദമാകാന്‍ അറിഞ്ഞോ അറിയാതെയോ കഴിഞ്ഞിട്ടുള്ള യേശുദാസ് ഇന്ന് വിപരീതദിശയില്‍ സഞ്ചരിക്കുന്നു എന്ന് പറഞ്ഞാല്‍ കുറ്റം പറയാനാകില്ല. ശ്രീനാരായണ ഗുരുവിന്റെ സൂക്തങ്ങള്‍ ആലപിച്ച് സിനിമയിലെത്തിയ യേശുദാസ്, എല്ലാ വേദികളിലും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന യേശുദാസ് പലപ്പോഴും യാഥാസ്ഥിതികമായ നിലപാടിലേക്ക് വീണുപോകുന്നത് സ്ഥിരം കാഴ്ചയാണ്.

പെണ്‍കുട്ടികളുടെ വസ്ത്രധാരണം, ശബരിമല യുവതിപ്രവേശനം, ദേശീയ അവാര്‍ഡ് സ്വീകരണം, പാദപൂജ തുടങ്ങിയവയിലെല്ലാം യേശുദാസ് സ്വീകരിച്ച നിലപാടുകള്‍ നെറ്റി ചുളിക്കുന്നതാക്കുന്നതും അതിനാലാണ്.

അതിരുകവിഞ്ഞതായി തോന്നാമെങ്കിലും മുഴുവന്‍ മലയാളികളുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരാളായി, ഇരുപതാം ശതകത്തിന്റെ രണ്ടാംപകുതിയില്‍ ജീവിച്ച ഒരേയൊരു മലയാളിയെന്ന് യേശുദാസിനെ വിവരിക്കാനാകുമെന്ന് സുനില്‍ പി. ഇളയിടം അദ്ദേഹത്തിന്റെ കാലമേ നിനക്കഭിനന്ദനം യേശുദാസും കേരളീയ ആധുനികതയും’ എന്ന ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. യേശുദാസിന്റെ ആത്മീയചിന്തയും മതേതരബോധവും എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും മാറ്റിനിര്‍ത്താവുന്നതുമല്ല.

അതേസമയം തന്നെ ഒരുകാലത്ത് നിശബ്ദമായി താന്‍ എതിരിട്ടുപോന്ന വ്യവസ്ഥിതികളോട് തുറന്ന് ഐക്യപ്പെടുകയുമാണ് അദ്ദേഹം. മലയാളികളുടെ നിരവധി തലമുറയെ പ്രതിനിധാനം ചെയ്യുന്ന, അവരെ തന്റെ സംഗീതത്തിലൂടെ ഉത്തേജിപ്പിച്ചിട്ടുള്ള യേശുദാസ് എന്ന കലാകാരന്റെ അളവുകോലാകേണ്ടത് ഇത്തരം ചില പ്രതിബദ്ധതകള്‍ കൂടിയാണ്. കാരണം ആത്യന്തികമായി എല്ലാവരും സാമൂഹ്യജീവികളാണല്ലോ.

ആ തരത്തില്‍ മലയാളികളുടെ, ലോകത്തെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന നിലയില്‍ രാഷ്ട്രീയ പ്രബുദ്ധതയുടെ മണ്ഡലത്തിലേക്ക് ഒരിക്കല്‍ കൂടി അദ്ദേഹത്തിന് കടക്കേണ്ടതുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here