കൊറോണ വൈറസ് ബാധയ്ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന്‍ നിര്‍ദ്ദേശവുമായി മോഹന്‍ലാല്‍ രംഗത്ത്.
തന്‍റെ ഫെയ്സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്‍റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കും… എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിന് പുറമേ നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരുന്നു. ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് വുഹാനില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.